| Sunday, 19th February 2023, 7:51 pm

ആദ്യം ജീവിക്കാന്‍ വേണ്ടി സമരം ചെയ്യൂ, വറുത്ത മീനിനും തുല്ല്യ വേതനത്തിനും വേണ്ടി പിന്നെ പൊരുതാം: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള അവകാശമാണ് സ്ത്രീകള്‍ ആദ്യം നേടിയെടുക്കേണ്ടതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. എന്തിനാണ് സ്ത്രീകള്‍ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക് പോവുന്നതെന്നും, സ്വന്തം വീട്ടില്‍ ജീവിച്ച് മരിക്കാനുള്ള അവകാശമാണ് ഒരു സ്ത്രീ ആദ്യം നേടിയെടുക്കേണ്ടതെന്നും ഷൈന്‍ പറഞ്ഞു.

മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നാം എന്തു ചെയ്യണമെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അത് സ്ത്രീ തന്നെ വിചാരിക്കണം. എന്റെ ആദ്യത്തെ സംശയം, ഈ സ്ത്രീ എന്തിനാണ് ഒരു പരിചയവുമില്ലാത്ത ഒരു വീട്ടില്‍ പോയി ജീവിതം ആരംഭിക്കുന്നത്. അവള്‍ക്ക് ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ല. അതിന് വേണ്ടി നിങ്ങള്‍ ആദ്യം പൊരുത്. എന്നിട്ട് രാത്രി പുറത്തിറങ്ങി നടക്കാനും, രണ്ട് വറുത്ത മീനിനുമൊക്കെ വേണ്ടി പൊരുതാം.

തുല്യ വസ്ത്രധാരണത്തെക്കുറിച്ചോ, തുല്യ സമയ രീതിയെക്കുറിച്ചോ അല്ല സംസാരിക്കേണ്ടത്. അവരവര്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും, മരിക്കാനുമുള്ള സ്വാതന്ത്രം. അതാണ് വേണ്ടത്. ഇതിനെതിരെ ഏതെങ്കിലും സ്ത്രീ ഇന്ന് വരെ പൊരുതിയിട്ടുണ്ടോ.

നിങ്ങള്‍ മറ്റൊരു വീട്ടില്‍ പോയി നില്‍ക്കണമെന്ന് നിങ്ങളോട് പറഞ്ഞതാരാണ്? ഇപ്പുറത്ത് നില്‍ക്കുന്ന പുരുഷന്‍ തന്നെയല്ലേ, അപ്പൊ അതിനെ ചോദ്യം ചെയ്യ് ആദ്യം.

എന്ത് ധൈര്യത്തിലാണ് ഒരു പരിചയവും ഇല്ലാത്ത വീട്ടിലേക്ക് നിങ്ങള്‍ കേറി പോവുന്നത്. ഏതെങ്കിലും ആണുങ്ങളെ പറഞ്ഞയച്ച് നോക്കിയെ, അവര്‍ രണ്ട് ദിവസം കൊണ്ട് തിരിച്ചു വരും. ഇതിലൊക്കെ ആദ്യം ഒരു ഇക്വാലിറ്റി കൊണ്ടു വരൂ . എന്നിട്ട് പോരെ തുല്യ വേതനത്തിനൊക്കെ വേണ്ടി സമരം ചെയ്യുന്നത്.

ഇനിയുള്ള പെണ്‍കുട്ടികള്‍ പറഞ്ഞു തുടങ്ങും ആണുങ്ങളോട് കല്യാണം കഴിഞ്ഞ് വീട് മാറി താമസിക്കാന്‍. അപ്പോള്‍ കാണാം എന്ത് സംഭവിക്കുമെന്ന്,’ ഷൈന്‍ പറഞ്ഞു.

Content Highlight: Shine tom chaco comments his views on women equality

We use cookies to give you the best possible experience. Learn more