സഹസംവിധായകനായപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു; നടനായപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ
Entertainment news
സഹസംവിധായകനായപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു; നടനായപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th November 2021, 3:24 pm

നായക കഥാപാത്രമായും സ്വഭാവ നടനായും മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു മുഖമാണ് ഷൈന്‍ ടോം ചാക്കോയുടേത്. 2011ല്‍ കമല്‍ ചിത്രം ഗദ്ദാമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരത്തിന്റെ സിനിമാ ജീവിതത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന സിനിമയാണ് വലിയ വഴിത്തിരിവാകുന്നത്.

ഒന്‍പത് വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ കീഴില്‍ സഹസംവിധായകനായിരുന്നതിന് ശേഷമാണ് ഷൈന്‍ അഭിനയത്തിലേയ്ക്ക് കടക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പാണ് ഷൈനിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കുറുപ്പിന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷൈന്‍.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ഒന്‍പത് വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത് അഭിനയിക്കാന്‍ ആരംഭിച്ചപ്പോള്‍ വലിയ ഗുണം ചെയ്തു എന്നാണ് താരം പറയുന്നത്.

”ഒന്‍പത് വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായി നിന്ന ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ പരിചിതമായ ഒരു സ്പേസിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. അത് വലിയ കംഫര്‍ട്ടാണ് നല്‍കിയിരുന്നത്.

മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുന്നതിന് സിനിമ എന്ന സ്പേസുമായിട്ടുണ്ടായിരുന്ന പരിചയം ഏറെ സഹായിച്ചിട്ടുണ്ട്. അസി. ഡയറക്ടറായാലും നടനായാലും എല്ലാം നടക്കുന്നത് ആ സ്പേസില്‍ തന്നെയാണല്ലോ.

സഹസംവിധായകനായിരുന്ന സമയത്ത്, പ്രീ പ്രൊഡക്ഷന്‍ ചര്‍ച്ചകളില്‍ ആലോചിക്കുന്ന കാര്യങ്ങള്‍ അഭിനേതാക്കളെകൊണ്ട് ചെയ്യിപ്പിച്ചെടുക്കുക എന്നായിരിക്കുമല്ലോ ആലോചിക്കുക. അത്തരത്തിലുള്ള അനുഭവം അഭിനയിക്കാനെത്തുമ്പോള്‍ തീര്‍ച്ചയായും സഹായിക്കാറുണ്ട്,” താരം പറയുന്നു.

അഭിനയമാണ് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതെന്നും സംവിധാനമെന്ന ആഗ്രഹം ഇപ്പോഴില്ലെന്നും ഷൈന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shine Tom Chacko talks about the change from assistant director to actor