എല്ലാവരും നിര്‍മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞാല്‍ അഭിനയിക്കാന്‍ ആരും കാണില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ അഭിനയിക്കാന്‍ വേണ്ടിയാണ് സിനിമയിലേക്ക് വന്നതെന്നും തന്റെ പേരില്‍ പ്രൊഡക്ഷന്‍ കമ്പനി വരാന്‍ ഒരു സാധ്യതയില്ലെന്നും ഷൈന്‍ പറഞ്ഞു. അഭിനയമല്ലാതെ വേറെ എന്ത് ജോലി ചെയ്താലും തനിക്ക് തൃപ്തി കിട്ടില്ലെന്നും താരം പറഞ്ഞു.
എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള ജോലികള്‍ ചെയ്യണമെന്നും ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘എല്ലാവരും സിനിമ നിര്‍മിക്കാനൊക്കെ വന്നവരായിരിക്കും. എന്നാല്‍ ഞാന്‍ ചെറുപ്പം മുതല്‍ സിനിമയില്‍ വന്നത് അഭിനയിക്കാന്‍ വേണ്ടിയാണ്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഇരുപ്പത്തിനാല് മണിക്കൂറും സിനിമക്ക് പുറകെയാണ് ഞാന്‍ പോയികൊണ്ടിരിക്കുന്നത്. അതിനിടയില്‍ സംവിധാനം ചെയ്യുക നിര്‍മാണം ചെയ്യുക എന്നതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല.
അതൊന്നും എന്റെ ആഗ്രഹത്തിലുള്ള കാര്യമല്ല. ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി എന്തായാലും വരില്ല. എന്റെ ചുറ്റും ഒരുപാട് പ്രൊഡക്ഷന്‍ കമ്പനി ഉണ്ടല്ലോ. അപ്പോള്‍ ആരെങ്കിലും അതില്‍ പ്രവര്‍ത്തിക്കാന്‍ വേണമല്ലോ. എല്ലാവരും നിര്‍മാണം ചെയ്യാന്‍ പോയിട്ട് കാര്യമില്ല.
അഭിനയിക്കണം എന്നാണല്ലോ എന്റെ ആഗ്രഹം. അപ്പോള്‍ പിന്നെ വേറെ എന്ത് ജോലി ചെയ്താലും എന്നെ തൃപ്തിപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല. എത്ര വലിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയാലും, എത്ര വലിയ സിനിമ സംവിധാനം ചെയ്താലും അഭിനയിക്കുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത്. വലിയ ജോലിയാണെന്ന് പറഞ്ഞ് ഏതെങ്കിലും ഇഷ്ടമില്ലാത്ത ജോലി നമുക്ക് സന്തോഷത്തോടെ ചെയ്യാന്‍ പറ്റുമോ.
അപ്പോഴൊന്നും നമുക്ക് സന്തോഷം കിട്ടില്ല. എപ്പോഴും നമുക്ക് ഇഷ്ടമുള്ള ജോലിയാണ് ചെയ്യേണ്ടത്. വേറെ ജോലികള്‍ എന്തിനാണ് നമ്മള്‍ കഷ്ടപ്പെട്ട് ചെയ്യുന്നത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഭാരത സര്‍ക്കസാണ് താരത്തിന്റേതായി തിയേറ്ററിലെത്തിയ അവസാന സിനിമ. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്. ഷൈന് പുറമെ ബിനു പപ്പു, സോഹന്‍ സീനുലാല്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight: shine tom chacko talks about producing