26 വയസുള്ള ഖാലിദ് റഹ്‌മാന്‍ പറയുന്നത് മമ്മൂക്ക സ്‌കൂള്‍ കുട്ടിയെ പോലെ കേട്ടുനില്‍ക്കും, ഒന്നുകൂടി ചെയ്‌തോട്ടെ സാര്‍ എന്നൊക്കെ ചോദിക്കും: ഷൈന്‍ ടോം ചാക്കോ
Film News
26 വയസുള്ള ഖാലിദ് റഹ്‌മാന്‍ പറയുന്നത് മമ്മൂക്ക സ്‌കൂള്‍ കുട്ടിയെ പോലെ കേട്ടുനില്‍ക്കും, ഒന്നുകൂടി ചെയ്‌തോട്ടെ സാര്‍ എന്നൊക്കെ ചോദിക്കും: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th February 2023, 11:26 am

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിച്ചിരുന്നു. ഉണ്ടയുടെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍.

26 വയസുള്ള ഖാലിദ് റഹ്‌മാന്‍ പറയുന്ന കാര്യങ്ങളൊക്കെ മമ്മൂട്ടി ഒരു സ്‌കൂള്‍ കുട്ടിയെ പോലെ കേള്‍ക്കുമായിരുന്നുവെന്നും തനിക്ക് 26 വയസുള്ളപ്പോള്‍ അദ്ദേഹത്തോട് ഷോട്ട് റെഡിയാണെന്ന് പറയാന്‍ തന്നെ ഭയമായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഉണ്ട ഷൂട്ട് ചെയ്യുന്ന സമയത്ത് ഖാലിദ് റഹ്‌മാന്‍ പറയുന്നത് മമ്മൂക്ക ഒരു സ്‌കൂള്‍ കുട്ടിയെ പേലെ കേട്ട് നില്‍ക്കുമായിരുന്നു. അത് അവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ള തുല്യ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. അപ്പോള്‍ ഖാലിദ് റഹ്‌മാന് 26 വയസായിരുന്നു പ്രായം. എനിക്ക് 26 വയസുള്ളപ്പോള്‍ മമ്മൂക്കയോട് ഷോട്ട് റെഡിയായെന്ന് പറയാന്‍ തന്നെ മടിയായിരുന്നു. ചില സമയത്ത് മമ്മൂക്ക ക്ഷമയോട് ഖാലിദിനെ കേട്ടതിന് ശേഷം ഇത് ഒന്നുകൂടി ചെയ്‌തോട്ടെ സാര്‍ എന്ന് ചോദിക്കുമായിരുന്നു. ഇതെല്ലാം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. വര്‍ക്ക് നന്നായി ആസ്വദിച്ചു ചെയ്താലേ ഇതൊക്കെ ചെയ്യാന്‍ സാധിക്കുകയുള്ളൂ,’ ഷൈന്‍ പറഞ്ഞു.

അഭിനയത്തോടാണ് തന്റെ അഭിനിവേശമെന്നും സംവിധായകന്‍ കഥ നരേറ്റ് ചെയ്യുന്നത് കേട്ടാണ് താന്‍ സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു.

‘കിട്ടുന്ന പൈസയെക്കാളും വിലമതിക്കുന്നത് അഭിനിയിക്കുന്ന സിനിമകളെയാണ്. ചില കഥാപാത്രങ്ങള്‍ മികച്ചതായി നില്‍ക്കും, ചിലത് ആവറേജാവും, ചിലത് ആളുകള്‍ മറന്നുപോവും. നാം ഉണ്ടാക്കുന്ന എല്ലാ ദോശയും കറക്ട് ഷേപ്പിലായിരിക്കില്ല. എന്നാല്‍ ദോശയുണ്ടാക്കുന്നത് ഇഷ്ടപ്പെട്ടാല്‍ അത് ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ആത്യന്തികമായി ഇഷ്ടമുള്ള കാര്യം ചെയ്യുക എന്നതാണ് പ്രധാനം.

സംവിധായകന്റെ നരേഷന്‍ കേട്ടിട്ടാണ് ഒരു സിനിമ ചെയ്യണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ കഥ പറയാനറിയാമെങ്കിലും ചിലര്‍ക്ക് അത് ടെക്‌നിക്കലി എക്‌സിക്യൂട്ട് ചെയ്യാനാവില്ലായിരിക്കും. ഒരാള്‍ എല്ലാം അറിഞ്ഞിരിക്കണമെന്നില്ല. ടെക്‌നിക്കലായുള്ള കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അതറിയാവുന്ന വേറെ ആളുകള്‍ സഹായിക്കാനുണ്ടാവും. എന്റെ അഭിപ്രായത്തില്‍ സംവിധായകന്‍ കഥയുടെ ആത്മാവ് അറിഞ്ഞിരിക്കണം, അത് ഏക്‌സിക്യൂട്ട് ചെയ്യാനുള്ള പവര്‍ അയാള്‍ക്കുണ്ടാവണം,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: shine tom chacko talks about mammootty and khalid rahman