Entertainment
അയാള്‍ എന്നെ അതിശയിപ്പിച്ചു; അന്ന് എന്നെയും മമ്മൂക്കയെയും വളരെ കൂളായി ഡീല്‍ ചെയ്തു: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 06, 06:18 am
Saturday, 6th April 2024, 11:48 am

തന്നെ ഏറ്റവും കൂടുതല്‍ സര്‍പ്രൈസ്ഡാക്കിയ സംവിധായകന്‍ ഖാലിദ് റഹ്‌മാനാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തെ താന്‍ ആദ്യം കാണുന്നത് അന്നയും റസൂലും എന്ന സിനിമയുടെ സമയത്താണെന്നും താരം പറയുന്നു. ഉണ്ട സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് ഖാലിദ് റഹ്‌മാന്‍ തന്നെ അതിശയിപ്പിച്ചതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

മമ്മൂട്ടിയോട് താന്‍ സംസാരിച്ചു തുടങ്ങുന്നത് നാലോ അഞ്ചോ പടം കഴിഞ്ഞാണെന്നും എന്നാല്‍ റഹ്‌മാന്‍ തന്നെയും മമ്മൂട്ടിയെയും ഡീല്‍ ചെയ്തത് വളരെ കൂളായിട്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

‘ഈ സമയത്ത് ഉള്ള സംവിധായകരില്‍ പത്തു ആളുകളുടെ പേരുകള്‍ മാത്രമായി പറയാന്‍ കഴിയില്ല. അതിനേക്കാള്‍ കൂടുതലുണ്ട്. മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍, അതായത് ഗണപതിയുടെ ചേട്ടന്‍ അതില്‍ ഒരാളാണ്.

പിന്നെ അന്‍വര്‍ റഷീദ്, ആഷിക് അബു, അമല്‍, സമീര്‍, രാജേഷ് പിള്ള, അനുരാജ്, രാജീവേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍. ഞാന്‍ ചെയ്ത സിനിമകളില്‍ ഏതൊക്കെ കഥാപാത്രങ്ങള്‍ മികച്ചതായി തോന്നിയിട്ടുണ്ടോ ആ സിനിമകളുടെ സംവിധായകരൊക്കെ മികച്ചവരാണ്.

പിന്നെ ഖാലീദ് റഹ്‌മാന്‍. എന്നെ ഏറ്റവും കൂടുതല്‍ സര്‍പ്രൈസ്ഡാക്കിയ സംവിധായകന്‍ ഖാലിദ് റഹ്‌മാനാണ്. റഹ്‌മാനെ ആദ്യം കാണുന്നത് അന്നയും റസൂലിന്റെയും സമയത്താണ്. അന്ന് അവന്‍ രാജീവേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

പിന്നെ ഉണ്ട സിനിമയില്‍ എന്നെ ഒരു കഥാപാത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചിരുന്നു. അതിന് മുമ്പ് ഞാന്‍ റഹ്‌മാനെ വിളിച്ചിട്ടുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോഴായിരുന്നു അത്. കിടിലനായിരുന്നു ആ ട്രെയ്‌ലര്‍. പടവും നന്നായിരുന്നു.

ഉണ്ട സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ഞാന്‍ ശരിക്കും അതിശയിച്ചു. മമ്മൂക്കയോട് ഞാന്‍ സംസാരിച്ചു തുടങ്ങുന്നത് നാലോ അഞ്ചോ പടം കഴിഞ്ഞാണ്. ഉണ്ടയുടെ ലൊക്കേഷനില്‍ പോലും മര്യാദക്ക് സംസാരിച്ചിട്ടില്ല. പക്ഷേ റഹ്‌മാന്‍ ആ സിനിമയില്‍ എന്നെയും മമ്മൂക്കയെയും ഡീല്‍ ചെയ്തത് വളരെ കൂളായിട്ടായിരുന്നു. അതില്‍ ഞാന്‍ സര്‍പ്രൈസായി,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Content Highlight: Shine Tom Chacko Talks About Khalid Rahman