കാര്‍ത്തിക് വിളിച്ചപ്പോള്‍ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണെന്ന് അറിയില്ലായിരുന്നു: ഷൈന്‍ ടോം ചാക്കോ
2014ല്‍ വലിയ വിജയമായിരുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമാണ് ജിഗര്‍തണ്ട. അതില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
അതിന്റെ രണ്ടാം ഭാഗത്തില്‍ എസ്. ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇപ്പോള്‍ ജിഗര്‍തണ്ട സിനിമയിലേക്ക് താന്‍ എത്തിയതിനെ പറ്റി സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. കാര്‍ത്തിക് സുബ്ബരാജ് തന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചതും അന്ന് ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ആ സിനിമയെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഷൈന്‍ പറയുന്നു. ജിഗര്‍തണ്ടയുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘ജിഗര്‍തണ്ടയെന്ന ഒരു പേര് തന്നെ മതി നമുക്ക് സിനിമയിലേക്ക് എന്റര്‍ ചെയ്യാന്‍. ജിഗര്‍തണ്ടയെന്നത് ശരിക്കും മധുരയിലെ ഒരു കൂള്‍ ഡ്രിങ്കാണ്. ഈ ജിഗര്‍തണ്ട അന്വേഷിച്ച് ഞാന്‍ ചെന്നൈയില്‍ ഒരുപാട് നടന്നിട്ടുണ്ട്.
എന്റെ ഫ്രണ്ട് വിവേക് ദര്‍ശനാണ് കാര്‍ത്തിക്കിന് ഒരു സബ്‌ജെക്ട് പറയാനുണ്ടെന്നും പറഞ്ഞ് എന്നെ വിളിക്കുന്നത്. കാര്‍ത്തിക്ക് അന്ന് ഫോണില്‍ എന്നെ വിളിച്ചു സംസാരിച്ചു.
ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഈ സിനിമയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ആ കാര്യം പറഞ്ഞിരുന്നില്ല. വിളിച്ചത് കാര്‍ത്തിയായത് കൊണ്ട് സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഞാന്‍ വരാമെന്ന് പറഞ്ഞു.
ലോറന്‍സ് സാറുമായി (രാഘവ ലോറന്‍സ്) സിനിമയില്‍ എനിക്ക് സീനുകളൊന്നുമില്ല. സൂര്യ സാറുമായി (എസ്.ജെ. സൂര്യ) ഒരു സീനുണ്ട്. അതിലെ എല്ലാ സീക്വന്‍സുകളും സപ്രേറ്റഡായിരുന്നു.
നടനും രാഷ്ട്രീയക്കാരനുമായ ഒരാളുടെ റോളായിരുന്നു എനിക്ക്. അല്ലെങ്കിലും തമിഴ്‌നാട്ടില്‍ അങ്ങനെയാണല്ലോ ആദ്യം ഒരാള്‍ നടനാകുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നു. എന്റെ കഥാപാത്രം ഇതില്‍ സംസ്ഥാനം ഭരിക്കാനാഗ്രഹിക്കുന്ന ഒരാളാണ്,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talks About Jigarthanda Movie