തന്റെ കഥാപാത്രങ്ങളില്‍ താന്‍ ജഗതി ശ്രീകുമാറിന്റെ അഭിനയമാണ് കൂടുതലും കൊണ്ടുവരാന്‍ ശ്രമിക്കാറുള്ളത് എന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇതുവരെ കണ്ടിട്ടുള്ള നര്‍മം നിറഞ്ഞ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുന്നത് ജഗതി ശ്രീകുമാറും ഇന്നസെന്റുമൊക്കെ ആണെന്നും അദ്ദേഹം പറയുന്നു.
താന്‍ ഒരു ഹ്യൂമര്‍ പറയുകയാണെങ്കില്‍ ഇന്നസെന്റിന്റെ ശബ്ദത്തിലും ജഗതി ശ്രീകുമാറിന്റെ ആക്ഷനിലും ആയിരിക്കുമെന്നും ഷൈന്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘താനാരാ’യുടെ ഭാഗമായി സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം കൊടുത്താണ് ഒരുക്കിയിരിക്കുന്നത്.
‘എന്റെ കഥാപാത്രങ്ങളില്‍ ഞാന്‍ ജഗതി ചേട്ടന്റെ അഭിനയമാണ് കൂടുതലും പിടിക്കാന്‍ നോക്കാറുള്ളത്. നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള ഹ്യൂമര്‍ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുന്നത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെയല്ലേ. നമ്മള്‍ ഒരു ഹ്യൂമര്‍ പറയുകയാണെങ്കിലും ഇന്നസെന്റ് ചേട്ടന്റെ ശബ്ദത്തിലും ജഗതി ചേട്ടന്റെ ആക്ഷനിലുമൊക്കെയാണ് അത് പറയുക.
കാരണം ജഗതി ചേട്ടനൊക്കെ സിനിമയില്‍ എല്ലാം ചെയ്തിട്ടുണ്ട്. ഹ്യൂമറിന്റെ മാക്‌സിമം അദ്ദേഹം തന്റെ സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു സമയത്ത് ജഗതി ചേട്ടനില്ലാത്ത പടങ്ങള്‍ ഇല്ലായിരുന്നല്ലോ. നമ്മളിപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ആണെന്നാണ് പറയുന്നത്.
നമ്മള്‍ അങ്ങനെ പറയുമ്പോഴും ജഗതി ചേട്ടന്റെ എക്പ്രഷന്‍സും ഓരോ സിനിമയിലെയും അദ്ദേഹത്തിന്റെ ടൈമിങ്ങുമൊക്കെയാണ് ഏറ്റവും കൂടുതല്‍ നമുക്കുള്ളില്‍ കയറുന്നത്. ഓരോ സിനിമയിലെയും അദ്ദേഹത്തിന്റെ ടൈമിങ്ങ് അപാരമാണ് എന്നതാണ് സത്യം,’ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talks About Jagathy Sreekumar