ജാതിവ്യവസ്ഥ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന നടന്‍ ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഭാരത സര്‍ക്കസില്‍ പി.എന്‍.എ. കുറുപ്പിന്റെ ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന കവിത ഉള്‍പ്പെടുത്തിയിരുന്നു. ആ വിഷയത്തെ കുറിച്ച് ഭാരത സര്‍ക്കസിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് ഷൈന്‍.
‘ഇപ്പോഴും ജാതീയ ചിന്താഗതിയുള്ള ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ടാണല്ലോ എന്റെ പുതിയ സിനിമയിലെ പാട്ട് (പുലയാടി മക്കള്‍ക്ക് പുലയാണ് പോലും) ഇത്രയും പോപ്പുലര്‍ ആകുന്നത്. അല്ലെങ്കില്‍ എന്തിനാണ് ആളുകള്‍ ആ പാട്ട് ഏറ്റെടുത്തത്. ഏറ്റെടുക്കാന്‍ പാടില്ലായെന്ന് ഞാന്‍ പറയില്ല.
എന്നാല്‍ അതിന്റെ താഴെ വരുന്ന ചില കമന്റുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാകും, അങ്ങനത്തെ ചില ബോധങ്ങള്‍ ഇപ്പോഴും ജനങ്ങളുടെ മനസിലുണ്ടെന്ന് . അതില്‍ പറയുന്ന പറയനും, പുലയനും എന്ന് പറയുന്ന വിഭാഗം എങ്ങനെ ഉണ്ടായതാണ്. ഹിന്ദു സംസ്‌കാരത്തില്‍ മാത്രമല്ല, ക്രിസ്ത്യാനിറ്റിയിലുമുണ്ട് ഈ ജാതിവ്യവസ്ഥ. എല്‍.സി, ആര്‍.സി എന്നൊക്കെ പറഞ്ഞാണ് അവിടെ വേര്‍തിരിച്ചിരിക്കുന്നത്.
നിങ്ങള്‍ ഇപ്പോള്‍ ഏത് മതമെടുത്ത് നോക്കിയാലും പലപല വിഭാഗങ്ങള്‍ കാണാന്‍ കഴിയും. ശരിക്കും ഒരു ദൈവത്തിന് എന്തിനാണ് ഇത്രയധികം വിഭാഗങ്ങള്‍.മതവുമായി ബന്ധപ്പെട്ടിട്ടാണല്ലോ ജാതി വരുന്നത്. ഹിന്ദു ഒരു മതമല്ല, ഒരു സംസ്‌കാരമാണ്. ഈ മതങ്ങള്‍ക്കകത്ത് എന്തിനാണ് ജാതീയമായ വേര്‍തിരിവുകള്‍.
ഒരൊറ്റ ക്രിസ്തുവല്ലേ വെള്ളിയാഴ്ച മരിച്ചത്. ഒരു ക്രിസ്തു തന്നെയല്ലേ ഉയര്‍ത്ത് വന്നതും, അപ്പോള്‍ എന്തിനാണ് മതത്തിനകത്ത് ഇത്ര വിഭാഗങ്ങള്‍. ഒന്ന് ചിന്തിച്ച് നോക്ക് ആ വിഭാഗങ്ങള്‍ എന്തിനാണ് ഉണ്ടായത്. ഇപ്പോഴും ഈ വിഭാഗങ്ങള്‍ വെച്ചിട്ട് തന്നെയല്ലെ പല കാര്യങ്ങളും നടക്കുന്നത്. ആര് ഇല്ലായെന്ന് പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോള്‍ അല്ലെങ്കില്‍ അവന് ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അതെടുത്ത് വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
പൊലീസും ദളിത് രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായമാണ്. ജാഫര്‍ ഇടുക്കി സുധീര്‍ കരമന. ബിനു പപ്പു, മേഘ തോമസ്, ജോളി ചിറയത്ത്, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: shine tom chacko talks about his new song