കേരള സിലബസ് ഈസ് ദ ബെസ്റ്റ് സിലബസ് ഇന്‍ ദ വേള്‍ഡ്; ഈ പ്രത്യേകതകള്‍ വേറെ ഒരു രാജ്യത്തുമില്ല: ഷൈന്‍ ടോം ചാക്കോ
Entertainment news
കേരള സിലബസ് ഈസ് ദ ബെസ്റ്റ് സിലബസ് ഇന്‍ ദ വേള്‍ഡ്; ഈ പ്രത്യേകതകള്‍ വേറെ ഒരു രാജ്യത്തുമില്ല: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th September 2022, 6:53 pm

തിയേറ്ററിലുണ്ടാക്കിയ വലിയ ഓളത്തിന് ശേഷം ടൊവിനോ തോമസ്- ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടിന്റെ തല്ലുമാല ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.

തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിലെ തല്ലും ഡാന്‍സും പാട്ടുമെല്ലാം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തില്‍ താന്‍ ഡാന്‍സ് ചെയ്തതിനെ കുറിച്ചും ചെറുപ്പം മുതലേ ഡാന്‍സ് പഠിച്ചെടുക്കാനിടയായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് തല്ലുമാലയിലെ എസ്.ഐ. റെജി മാത്യൂസിന്റെ റോള്‍ കിടിലമാക്കിയ ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഞാന്‍ വളരെ ചെറുപ്പത്തിലേ സിനിമയിലെത്തണമെന്ന് ആഗ്രഹിച്ച് എത്തിയതാണ്. വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ചതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ അഭ്യാസങ്ങളും നമ്മള്‍ പഠിച്ചുവെക്കും, കുറഞ്ഞത് ശ്രദ്ധിക്കാനെങ്കിലും നോക്കും.

ഇതൊക്കെ നമ്മുടെ സ്‌കൂളുകളില്‍ കാണിക്കുന്ന പരിപാടിയല്ലേ. കേരള സിലബസിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണത്. പഠനത്തോടൊപ്പം തന്നെ കലാ- കായിക- ശാസ്ത്രീയ മേളകള്‍ എല്ലാ വര്‍ഷവും വളരെ വിപുലമായും സമ്പന്നമായും നടത്തും. വേറെ ഒരു രാജ്യത്തും ഇല്ല അത്.

വളര്‍ന്നുവരുന്ന ഒരു കുട്ടിക്ക് തനിക്ക് ഇതില്‍ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് തെരഞ്ഞെടുക്കാന്‍ കൂടിയാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലേക്ക് എത്തുന്നതിന് മുമ്പ് സബ് ജില്ലാ- ജില്ലാ മത്സരങ്ങളുമുണ്ട്. അതിന് മുമ്പ് സ്‌കൂള്‍ മത്സരങ്ങളിലും വിജയിക്കണം.

ഇത്രയും വലിയ ഉത്സവം വേറെ എവിടെയും നടക്കുന്നില്ല. അതുകൊണ്ട് കേരള സിലബസ് ഈസ് ദ ബെസ്റ്റ് സിലബസ് ഇന്‍ ദ വേള്‍ഡ്.

മലപ്പുറം ജില്ലയിലെ പൊന്നാനി സബ് ജില്ലയില്‍ നിന്നാണ് ഞാന്‍. സംസ്ഥാന തലത്തില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ 12 വര്‍ഷമെടുത്തു. അത്രയും കലാകാരന്മാരുണ്ട് നമ്മുടെ നാട്ടില്‍. ഇതില്‍ വളരെ ചുരുക്കം പേരാണ് സിനിമയിലേക്കെത്തുന്നത്. എത്തുന്നതുകൊണ്ട് നമ്മളെ ശ്രദ്ധിക്കുന്നു.

എന്നേക്കാള്‍ നന്നായി മോണോ ആക്ട് കളിക്കുന്ന, നാടകം കളിച്ചിരുന്ന, സ്ഥിരമായി ബെസ്റ്റ് ആക്ടറായ എത്രയോ നല്ല കലാകാരന്മാരെ എനിക്കറിയാം. ജീവിതത്തിന്റെ ഓരോ വഴികളില്‍ പല പ്രശ്‌നങ്ങളും കാരണം അവര് വഴിമാറി പോയി,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

തല്ലുമാലയിലെ ടൊവിനോയുടെയും ഷൈനിന്റെയും ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയിലൊരുങ്ങിയ തല്ലുമാലയില്‍ കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിഷ്ണു വിജയന്റേതാണ് സംഗീതം.

Content Highlight: Shine Tom Chacko talks about his dance and the benefits of Kerala Syllabus