കൊച്ചി: അനുശ്രീയും ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇതിഹാസ അപ്രതീക്ഷിത വിജയം നേടി ശ്രദ്ധേയമായ ചിത്രമായിരുന്നു. ചിത്രത്തിലെ നായകനായ ഷൈന്‍ ഭാവിയില്‍ വലിയ താരമാകുമെന്നും തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇതിഹാസ തിയ്യറ്ററുകളില്‍ തകര്‍ത്തോടുമ്പോഴായിരുന്നു ഷൈന്‍ മയക്കു മരുന്ന് കേസില്‍ പിടിയിലാകുന്നത്. അതോടെ ഷൈന്‍ ചിത്രങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഷൈന്‍ തിരിച്ചു വരവിന്റെ പാതയിലാണ്. കമ്മട്ടിപ്പാടത്തിലൂടെയും മറ്റ് ചിത്രങ്ങളിലൂടേയും തന്റെ സാന്നിധ്യം അറിയിക്കുകയാണ്. തന്റെ കരിയറിലെ കറുത്ത നാളുകളെ കുറച്ച് ഷൈന്‍ പറയുന്നു.
“ഒരിക്കലും ഞാന്‍ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിന്‍ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാന്‍ തളര്‍ന്നില്ല. കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാന്‍. വര്‍ഷങ്ങളോളം ഇതില്‍ നിന്ന് കഷ്ടപ്പാടുകള്‍ അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാന്‍ പറയുമ്പോള്‍ ഇപ്പോഴത്തെ ചില സംഭവങ്ങള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം.” ഷൈന്‍ പറയുന്നു.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഷൈന്‍ നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആന്‍ മരിയ കലിപ്പിലാണ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഷൈന്‍ പ്രേക്ഷക മനസില്‍ വീണ്ടും ഇടം നേടി കൊടുക്കുകയായിരുന്നു.
” ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവര്ക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.” ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.
തന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ലെന്നും വേറെ എന്തൊക്കെയോ പൊതുജനത്തില്‍ നിന്നു മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് തനിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. അതിനുള്ള സൂചനകളും തനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ തന്റെ കൈയില്‍ തെളിവൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവര്‍ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂ. ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.