| Sunday, 16th October 2022, 7:47 pm

ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല; അഭിനയത്തിന്റെ ആ 'ട്രിക്ക്' പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുമാരി. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഐശ്യര്യ ലക്ഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുമാരിയായി എത്തുന്നത്. ‘ഇല്ലിമലയ്ക്കപ്പുറം കാഞ്ഞിരങ്ങാടെന്നൊരു ദേശത്തിന്റെ’ കഥയുമായാണ് കുമാരി എന്ന മിസ്റ്ററി ത്രില്ലര്‍ എത്തുന്നത്. ഒക്ടോബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ലഭിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെക്കുറിച്ചും തന്റെ അഭിനയ ശൈലിയെക്കുറിച്ചും, സംസാരിക്കുകയാണ് താരം.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഷൈനിനെ തേടിവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുടി പറയുകയാണ് താരം.
‘വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്നുപറയുന്നത് അതിലേക്കു നമ്മള്‍ എത്തുന്ന രീതിക്കനുസരിച്ചാണ് രൂപപ്പെടുന്നത്. വ്യത്യസ്തനാവണം എന്ന നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തേ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്ക് കൂടുതലും കിട്ടാറുള്ളത്. അപ്പോള്‍ ഒരു സിനിമയില്‍ ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളില്‍ അടുത്തതിലും ചെയ്താല്‍ ശരിയാവില്ല. അഭിനയം എന്ന് പറയുന്നത് ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്,’ ഷൈന്‍ പറഞ്ഞു.

അഭിനയം ഓര്‍ഗാനിക് ആയിട്ട് വരുന്നതാണ് എന്നു ചിലരൊക്കെ പറയുന്നതിനോട് എത്രമാത്രം അനുകൂലിക്കുന്നു, എന്ന ചോദ്യത്തിന്
‘അഭിനയം ഓര്‍ഗാനിക്കായിട്ട് വരുന്നവരൊക്കെ ഉണ്ടായിരിക്കാം. എന്നാല്‍, എന്റെ കാര്യം പറയുകയാണെങ്കില്‍ അതു ബോധപൂര്‍വം ചെയ്യുന്നതുതന്നെയാണ്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ആ ‘ട്രിക്ക്’ പഠിച്ചാല്‍ പിന്നെ എല്ലാം എളുപ്പമാണ്.

കണ്ണുകളിലൂടെയാകണം അഭിനയം വരേണ്ടതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ വര്‍ക്ക് ചെയ്തു വെച്ച റഫറന്‍സുകള്‍ വെച്ചിട്ടാണ് ഓരോ നടനും കഥാപാത്രത്തെ മോള്‍ഡ് ചെയ്യേണ്ടത്. അതോടൊപ്പം വസ്ത്രത്തിലും രൂപത്തിലുമൊക്കെ കുറെ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. അപ്പോഴും കഥാപാത്രത്തിന് വേണ്ട സ്വയം സമര്‍പ്പണം എന്നൊരു പരിപാടി നടന്‍ തന്നെ ചെയ്യേണ്ട കാര്യമാണ്,’ എന്നാണ് പ്രതികരിച്ചത്.

പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്ററി ത്രില്ലറായ കുമാരി.
ഐശ്യര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ സുരഭി ലക്ഷ്മി, സ്വാസിക, ശിവജിത്ത്, തന്‍വി റാം, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമാരിയിലെ കാഴ്ചകള്‍ പകര്‍ത്തിയിരിക്കുന്നത് അബ്രഹാം ജോസഫാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ശ്രീജിത് സാരംഗ് എഡിറ്റിങ്ങും കലാസംവിധാനം ഗോകുല്‍ ദാസും നിര്‍വഹിക്കുന്നു.

Content Highlight: Shine tom Chacko Talks about His acting style and Characters

We use cookies to give you the best possible experience. Learn more