ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈന്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്.
ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തില്‍ നായകനായി എത്തിയത് ഷൈന്‍ ആയിരുന്നു. സിനിമകള്‍ പോലെ തന്നെ സോഷ്യല്‍ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈന്‍ ടോം.
മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് ഷൈന്‍. ഒരു നടന്‍ എന്ന നിലയില്‍ താന്‍ ഏറ്റവും ആദ്യം ഇഷ്ടപ്പെടാന്‍ തുടങ്ങിയത് മോഹന്‍ലാലിനെയാണെന്നും പണ്ടൊന്നും അദ്ദേഹത്തിലെ നടനെ കാണാന്‍ കഴിയില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു. എന്നാല്‍ ഇന്ന് മോഹന്‍ലാലിലെ താരത്തെയാണ് കൂടുതല്‍ കാണുന്നതെന്നും കഥാപാത്രമായിട്ട് വേണം ആറാടാനെന്നും ഷൈന്‍ പറഞ്ഞു. എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു ഷൈന്‍.
‘ഞാന്‍ ഏറ്റവും ആദ്യം അട്ട്രാക്ട് ആവുന്നത് മോഹന്‍ ലാലിലാണ്. കാരണം പുള്ളിയില്‍ നമ്മള്‍ ആ സമയങ്ങളില്‍ നടനെ കണ്ടിട്ടില്ല. എന്നാല്‍ ഈ സമയങ്ങളില്‍ കഥാപാത്രങ്ങളെ കാണുന്നില്ല, കൂടുതലും കാണുന്നത് താരത്തെയാണ്. പണ്ട് സേതുമാധവന്‍ കീരിക്കാടനെ അടിക്കാന്‍ പോവുമ്പോള്‍ നമ്മള്‍ പറയുമായിരുന്നു, അവനെ തോല്‍പ്പിക്കാന്‍ പറ്റില്ല സേതുമാധവായെന്ന് പ്രേക്ഷകര്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
കീരിക്കാടന്‍ ജോസിനെ തോല്‍പ്പിക്കാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയാണോ? നമുക്ക് മോഹന്‍ലാലിനെ കാണുമ്പോഴേ മനസിലാവും ഇനി എത്ര ലക്ഷം ആളുകള്‍ വന്നാലും അടിച്ചിടുമെന്ന്.
ആറാടുന്നത് കഥാപാത്രമായിട്ട് വേണം താരമായിട്ടല്ല. അത് നമ്മളെ കാണിച്ചു തന്നതാരോ, അവരില്‍ ഒരാളാണ് അദ്ദേഹം,’ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talk About Stardom Of Mohanlal