| Wednesday, 22nd November 2023, 10:34 pm

താരങ്ങൾക്ക് കാശ് കൂടുതൽ കൊടുക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യം: ഷൈൻ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത പ്രകടനങ്ങളിലൂടെ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ. സഹ സംവിധായകനായി തന്റെ സിനിമ കരിയർ ആരംഭിച്ച ഷൈൻ ഇന്ന് മലയാളത്തിലും അന്യഭാഷയിലുമെല്ലാം തിരക്കുള്ള നടനാണ്.

സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷൈൻ.

ഒരു സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും അഭിനേതാക്കൾക്കാണെന്നും താരങ്ങൾ പ്രതിഫലം കൂട്ടുന്നത് അവരെ നശിപ്പിക്കുന്നത് തുല്യമാണെന്നും ഷൈൻ പറയുന്നു. പുതിയ സിനിമ മഹാറാണിയുടെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘പടം നന്നായാലും മോശമായാലും അതിൽ അഭിനയിക്കുന്നവർക്ക് മാത്രമാണ് ഗുണം. ഒരുപാട് വർക്കേഴ്സ് ഒരു സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ട്. ഒരു ഹിറ്റ് ഉണ്ടാകുന്നത് ഒരാളിൽ നിന്ന് മാത്രമല്ല. അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നത് താരങ്ങൾ തന്നെയാണ്.

വർക്ക്‌ ചെയ്യുന്നവർക്ക് ചിലപ്പോൾ ഒരു നൂറ് രൂപ പോലും കിട്ടുന്നില്ല. സംവിധായകരും അഭിനേതാക്കളും മാത്രമല്ല വേറേയും ഒരുപാട് പേരുണ്ടല്ലോ സിനിമയിൽ.

കലാകാരൻമാർക്ക് കാശ് കൂടുതൽ കൊടുക്കുന്നത് ഒരു തരത്തിൽ അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. എല്ലാവർക്കും ആവശ്യത്തിന് കാശ് കൊടുത്താൽ മതി. കോടികണക്കിന് കാശ് കൊടുക്കാൻ മാത്രം എന്താണ് ചെയ്യുന്നത്,’ ഷൈൻ ടോം ചാക്കോ പറയുന്നു.

മഹാറാണിയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. റോഷൻ മാത്യു, ബാലു വർഗീസ്, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

Content Highlight: Shine Tom Chacko Talk About Remunerations Of Actors In Films

We use cookies to give you the best possible experience. Learn more