തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മോഹൻലാൽ എന്ന എനർജിയാണ് എന്നാണ് നടൻ ഷൈൻ ടോം ചാക്കോ പറയുന്നത്.
കുട്ടികാലത്ത് തിയേറ്ററിൽ ചെന്ന് സിനിമകൾ കാണുമ്പോൾ ലാലേട്ടന്റെ കളിയും ചിരിയും കുറുമ്പുമാണ് കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ചതെന്നും അദ്ദേഹം അന്ന് അഭിനയിച്ചിരുന്ന വേഷങ്ങൾ അത്തരത്തിൽ ഉള്ളതായിരുന്നുവെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.
മമ്മൂട്ടി അന്ന് അഭിനയിച്ചിരുന്നതെല്ലാം പക്വത നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നുവെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.
‘എന്നെ ഏറ്റവും ആദ്യം ആകർഷിച്ചിട്ടുള്ളത് മോഹൻലാൽ എന്ന നടന്റെ കളിയും ചിരിയും ഇടികളുമൊക്കെയാണ്. 1983ലാണ് ഞാൻ ജനിച്ചത്.
അതുകൊണ്ട് തന്നെ ഒരു 86 മുതലൊക്കെ ഞാൻ സിനിമകൾ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ടാവും. അന്ന് തിയേറ്ററിൽ പോയിട്ടാണ് സിനിമകൾ കാണുക. അച്ഛന്റെയും അമ്മയുടെയും കൂടെ പോകുമ്പോൾ ഇത്രയും വലിയ ബിഗ് സ്‌ക്രീനിൽ പടം കാണുമ്പോൾ വേറേ എവിടെയും ശ്രദ്ധിക്കേണ്ടി വരാറില്ല.
അതിൽ ഏറ്റവും പെട്ടെന്ന് ആകർഷിക്കപ്പെട്ടത് മോഹൻലാൽ എന്ന എനർജിയിലാണ്. അദ്ദേഹം കാണിക്കുന്നത് പെട്ടെന്ന് കുട്ടികൾ ഇഷ്ടപെടുമല്ലോ. അയാളുടെ തലകുത്തി മറയലും കുറുമ്പുമെല്ലാം പെട്ടെന്ന് കുട്ടികളുടെ ശ്രദ്ധയാകർഷിക്കും.
എല്ലാം ഒതുക്കി നിന്ന് പക്വതയോടെ ചെയ്യുന്ന കഥാപാത്രങ്ങൾ അല്ലല്ലോ അദ്ദേഹത്തിന്റേത്. മമ്മൂക്ക അന്ന് കൂടുതലും കുടുംബ നാഥൻ വേഷവും സീരിയസ് വേഷങ്ങളുമാണ് ചെയ്തത്. അതുകൊണ്ട് ഞങ്ങളുടെ ശ്രദ്ധ പെട്ടെന്ന് നേടിയത് ലാലേട്ടൻ ആയിരുന്നു,’ഷൈൻ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talk About Mohanlal