മലയാളത്തിൽ ശ്രദ്ധേയനായ യുവനടനാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് അന്യഭാഷയിലടക്കം തിരക്കുള്ള നടനായി മാറിയിട്ടുണ്ട് ഷൈൻ.
കുട്ടിക്കാലത്ത് താൻ സിനിമ കാണുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അന്ന് തന്നെ ഏറ്റവും ആകർഷിച്ചത് മോഹൻലാൽ ആണെന്നും കുട്ടികൾ പെട്ടെന്ന് ശ്രദ്ധിക്കുന്ന അഭിനേതാവ് ആയിരുന്നു അദ്ദേഹമെന്നും ഷൈൻ പറയുന്നു.
എന്നാൽ കുറച്ച് മുതിർന്നപ്പോൾ മമ്മൂട്ടിയാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും നായക നടന്മാരോട് ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മൾ എപ്പോഴും അവരെ ശ്രദ്ധിക്കുന്നതെന്നും ഷൈൻ ടോം പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘അന്ന് ഏറ്റവും പെട്ടെന്ന് ആകർഷിക്കപ്പെട്ടത് മോഹൻലാൽ എന്ന എനർജിയിലാണ്. അദ്ദേഹം കാണിക്കുന്നത് പെട്ടെന്ന് കുട്ടികൾ ഇഷ്ടപെടുമല്ലോ. അയാളുടെ തലകുത്തി മറിയലും കുറുമ്പുമെല്ലാം പെട്ടെന്ന് കുട്ടികളുടെ ശ്രദ്ധയാകർഷിക്കും.
എല്ലാം ഒതുക്കി നിന്ന് പക്വതയോടെ ചെയ്യുന്ന കഥാപാത്രങ്ങൾ അല്ലല്ലോ അദ്ദേഹത്തിന്റേത്. മമ്മൂക്ക അന്ന് കൂടുതലും കുടുംബ നാഥൻ വേഷവും സീരിയസ് വേഷങ്ങളുമാണ് ചെയ്തത്. അതുകൊണ്ട് ഞങ്ങളുടെ ശ്രദ്ധ പെട്ടെന്ന് നേടിയത് ലാലേട്ടൻ ആയിരുന്നു.
അത് ക്രമേണ വളർന്ന് ഒരു എട്ടാം ക്ലാസ് ഒമ്പതാം ക്ലാസൊക്കെ ആവുമ്പോൾ മമ്മൂക്കയിലേക്ക് നമ്മുടെ ശ്രദ്ധ മാറാൻ തുടങ്ങും. നമ്മൾ വളരുന്നതിനനുസരിച്ച് മാറ്റം വരും. ആ സമയത്താണ് ന്യൂ ഡൽഹി, ദി കിങ്, അമരം പോലുള്ള സിനിമകളൊക്കെ ഇറങ്ങിയപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.
അവർക്ക് ചുറ്റും നിൽക്കുന്ന അഭിനേതാക്കളെയൊന്നും നമ്മൾ അഭിനേതാക്കളായി കാണാറേയില്ല. സ്വഭാവികമായി നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന ആളുകൾ ആയിട്ടാണ്. പക്ഷെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നായകനോട് നമുക്കൊരു പ്രത്യേക ഇഷ്ടം ഉണ്ടാവുമല്ലോ.
അതുകൊണ്ടാണ് നമ്മൾ മമ്മൂക്കയേയും ലാലേട്ടനേയും ശ്രദ്ധിക്കുന്നത്.
Content Highlight: Shine Tom Chacko Talk About Mammooty And Mohanlal