വ്യത്യസ്ത പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ഷൈൻ ടോം ചാക്കോ. സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയ ഷൈൻ നിലവിൽ അന്യഭാഷയിൽ അടക്കം തിരക്കുള്ള നടനാണ്. തന്റെ രസകരമായ ഒരു കലോത്സവ ഓർമ പങ്കുവെക്കുകയാണ് ഷൈൻ.
സിനിമയിലേക്ക് എത്താൻ വേണ്ടി താൻ ഡാൻസ് പഠിച്ചിരുന്നെന്നും എന്നാൽ മോണോ ആക്ടിലാണ് താൻ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചതെന്നും ഷൈൻ പറയുന്നു.
തനിക്കൊപ്പം മത്സരിച്ച നടി നവ്യ നായർക്കായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചതെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് ഷൈൻ പറഞ്ഞു. പുതിയ ചിത്രം ഡാൻസ് പാർട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് താരം തന്റെ കലോത്സവ ഓർമ പങ്കുവെച്ചത്.
‘സിനിമയിലേക്ക് എത്താൻ വേണ്ടിയാണ് അന്ന് ഞാൻ ഡാൻസ് പഠിച്ചത്. കാരണം അന്ന് സംവിധായകർ നടന്മാരെ തെരഞ്ഞെടുത്തിരുന്നത് യുവജനോത്സവങ്ങളിൽ നിന്നായിരുന്നു. ഇന്നത്തെപ്പോലെ റീലുകളും സോഷ്യൽ മീഡിയകളും അന്നില്ലല്ലോ.
ഏതെങ്കിലും ഒരു കലോത്സവത്തിൽ ഫസ്റ്റ് അടിച്ചു സംസ്ഥാനത്ത് എത്തിയാൽ സംവിധായകർ നമ്മളെ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുപോകും എന്നായിരുന്നു എന്റെ ചിന്ത. കാരണം നമുക്ക് മുൻപ് വന്ന വിനീത്, മോനിഷ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയവരാണ്.
പക്ഷെ പ്ലസ് ടു എത്തിയപ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിലേക്ക് എത്തുന്നത്. ഡാൻസ് വഴിയല്ല, മോണോ ആക്ട് വഴിയാണ് ഞാൻ അവിടെ എത്തിയത്. ഡാൻസ് വഴിയെത്താൻ കുറച്ച് പ്രയാസമായിരുന്നു. കാരണം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു ചില സമയങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നത്. പിന്നീടാണ് അത് വേർതിരിച്ചത്. എന്നിട്ടും ഞാൻ എത്തിയില്ല.
അത് കുറച്ച് എക്സ്പെൻസീവ് ആണ്. സ്ഥിരമായി പഠിക്കണം, പിന്നെ അതിന്റെ ഡ്രസ്സിനും ആഭരണങ്ങൾക്കും എല്ലാം നല്ല ചിലവുണ്ട്. അതിനെല്ലാം മാർക്കുമുണ്ട്. പൈസ നന്നായിട്ട് ചിലവാക്കുന്ന സ്കൂളുകളാണ് അത് എപ്പോഴും കൊണ്ടുപോവുക. മോണോ ആക്ടിന് ഒരു ചിലവുമില്ലല്ലോ. ഒരു മൈക്കിന്റെ മുന്നിൽ നിന്നാൽ മതിയല്ലോ
മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി മത്സരം തുടങ്ങാൻ നേരത്താണ് നവ്യ നായർ നന്ദനത്തിന്റെ ലൊക്കേഷനിൽ നിന്ന് അങ്ങോട്ട് വരുന്നത്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ഇത് സിനിമാക്കാര് തന്നെ കൊണ്ടുപോകുമെന്ന്.
നവ്യാ നായർ വന്നാൽ വേറൊരാൾക്കും കിട്ടില്ലല്ലോ. പറഞ്ഞ പോലെ തന്നെ സംഭവിച്ചു ഒന്നാം സമ്മാനം നവ്യയ്‌ക്ക് തന്നെ കിട്ടി. എനിക്ക് ഒന്നും കിട്ടിയില്ല. 14ാം സ്ഥാനമായിരുന്നു എനിക്ക്. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ലയല്ലേ ഉള്ളൂ.
അന്ന് മലപ്പുറത്തെയാണ് ഞാൻ പ്രതിനിധീകരിച്ചത്,’ ഷൈൻ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talk About His Youth Festival Memories With Navya Nair