| Monday, 6th March 2023, 2:35 pm

കൂടെ പഠിക്കുന്ന കുട്ടിയുടെ അച്ഛനെ പോലെയാണ് മമ്മൂക്ക നമ്മളോട് പെരുമാറുന്നത്, ദുല്‍ഖര്‍ കൂടെ പഠിക്കുന്ന കുട്ടിയെ പോലെയും: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും പങ്കുവെക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. എല്ലാ സിനിമകളും വളരെ രസിച്ച് ചെയ്യുന്ന ഒരാളാണ് മോഹന്‍ലാല്‍ എന്നും, ആ രസം സിനിമ കാണുന്നവര്‍ക്കും ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടെ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളോട് പെരുമാറുന്നത് പോലെയാണ് മമ്മൂക്കയോടുള്ള തന്റെ അടുപ്പമെന്നും ദുല്‍ഖര്‍ തന്റെ കൂടെ പഠിക്കുന്ന കുട്ടിയെ പോലെയാണെന്നും ഷൈന്‍ പറഞ്ഞു. ദുല്‍ഖറിനേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് മമ്മൂട്ടിയാണെന്നും മലയാളഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

‘എല്ലാ കാര്യങ്ങളും വളരെ സന്തോഷത്തോടുകൂടി ചെയ്യുന്ന ഒരാളാണ് ലാലേട്ടന്‍. ഏത് കഥാപാത്രമാണെങ്കിലും വളരെ രസിച്ചാണ് അദ്ദേഹം ചെയ്യുന്നത്. ആ രസം നമുക്കും ഫീല്‍ ചെയ്യും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കൊച്ചുകുട്ടികള്‍ക്ക് വരെ വേഗം ഇഷ്ടപ്പെടും.

ഒരുമിച്ച് സിനിമ ചെയ്യുന്ന കാര്യം ഞാന്‍ പലപ്പോഴും ലാലേട്ടനോട് പറയാറുണ്ട്. എന്താ ചെയ്യുക അവിടെ പ്രശ്‌നം ഇവിടെ പ്രശ്‌നം. നിങ്ങളുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛന്‍ എങ്ങനെയായിരിക്കും അതുപോലെ തന്നെയാണ് മമ്മൂട്ടി ഞങ്ങളോടും പെരുമാറുന്നത്.

എല്ലായിടത്തും അങ്ങനെ തന്നെയാണ്. പക്ഷെ ഇവിടെയുള്ള ഒരു വ്യത്യാസം ദുല്‍ഖറിനെക്കാള്‍ കൂടുതല്‍ മമ്മൂക്ക സംസാരിക്കും. ദുല്‍ഖറിനോട് സംസാരിക്കുമ്പോള്‍ കൂടെ പഠിക്കുന്ന കുട്ടിയോട് പോലെ സംസാരിക്കാം. പല കാര്യങ്ങളും ഓപ്പണായിട്ട് സംസാരിക്കാന്‍ സാധിക്കും.

മമ്മൂക്കയെ പോലെയുള്ള ആളുകളുടെ അടുത്ത് എപ്പോഴും ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ കഴിവതും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും മമ്മൂക്ക തന്നെയാണ്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

content highlight: shine tom chacko ta;lks about dulquer salman and mammootty

We use cookies to give you the best possible experience. Learn more