| Wednesday, 3rd August 2022, 10:13 pm

കിതപ്പ് മാറിയപ്പൊ ഞാന്‍ അവിടെന്നും ഓടി, പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനൊ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞിരുന്നു.

കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പഴയ ഓട്ടക്കഥയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

പ്രതികരണമെടുക്കാന്‍ വന്ന മാധ്യമങ്ങളെ കണ്ട് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പറഞ്ഞാല്‍ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഓടിയതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്.

ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. അപ്പോ ഞാന്‍ സ്‌ക്രീനില്‍ കയറി ഇരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലാണ്. കിതപ്പ് മാറിയപ്പൊ ഞാന്‍ അവിടെന്നും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വാശിയാണ് ടൊവിനോയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: shine Tom chacko speaks about his viral running video

We use cookies to give you the best possible experience. Learn more