മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ഒറ്റപ്പാലത്ത് വാത്സല്യത്തിന്റെ ഷൂട്ട് നടക്കുമ്പോഴാണ് മമ്മൂട്ടിയെ കാണാന്‍ പോയതെന്നും എന്തൊക്കെ സംസാരിക്കണമെന്നും കെട്ടിപ്പിടിക്കണമെന്നുമൊക്കെ പ്ലാന്‍ ചെയ്തെന്നും ഷൈന്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ മരവിച്ച് പോയെന്നും സംസാരിക്കാനായില്ലെന്നും ഷൈന്‍ പറഞ്ഞു.
ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു പഴയ അനുഭവം ഷൈന്‍ പങ്കുവെച്ചത്. ‘ഒറ്റപ്പാലത്ത് എന്റെ വല്യമ്മയുടെയും ചെറിയമ്മയുടെയും വീടാണ്. അന്ന് ഒറ്റപ്പാലത്താണ് സിനിമയുടെ ഷൂട്ടിങ് നടക്കുക. ഞാന്‍ ആറിലോ ഏഴിലോ ആണ് പഠിക്കുന്നത്. അന്ന് മമ്മൂക്കയെ കാണാനായി ഒറ്റപ്പാലം ടി.ബിയില്‍ ചെന്നു. അന്ന് മമ്മൂക്കയോട് എന്തൊക്കെ സംസാരിക്കണം എന്നൊക്കെ പ്ലാന്‍ ചെയ്തു. ഹായ് അങ്കിള്‍, എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ കുറെ പ്രിപ്പയര്‍ ചെയ്താണ് പോയത്.
അന്ന് വാത്സല്യത്തിന്റെ ഷൂട്ടാണ് നടക്കുന്നത്. മമ്മൂക്ക അകത്തിരിക്കുന്നത് എനിക്ക് കാണാം. പക്ഷേ വാതില്‍ കടന്ന് അകത്തേക്ക് കടന്നുപോകാനുള്ള ധൈര്യം ഉണ്ടായില്ല. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി, അങ്കിളുമില്ല, ഓടിച്ചെന്ന് കെട്ടിപ്പിടിക്കലുമില്ല, ഉമ്മവെക്കലുമില്ല, ഒന്നുമില്ല,’ ഷൈന്‍ ഇത് പറഞ്ഞുകഴിഞ്ഞയുടന്‍ മമ്മൂട്ടി വന്നു കെട്ടിപ്പിടിക്കുകയായിരുന്നു.
ഞാന്‍ വിചാരിച്ചതാ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണമെന്ന്. പക്ഷേ നിന്ന നില്പ്പിന് അങ്ങ് മരവിച്ച് പോവാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്, ഷൈന്‍ പറഞ്ഞു. ജോര്‍ജ് കൊട്ടാരക്കന് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ക്രിസ്റ്റഫറില്‍ ഷൈന്‍ എത്തുന്നത്.
ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.
സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വിനയ് റായി, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Shine Tom Chacko shares the experience of seeing Mammootty for the first time