| Friday, 7th October 2022, 10:56 pm

പിന്നെ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കമല്‍ സാറിനെ കാണുന്നത്, അന്ന് പരീക്ഷ എഴിതീട്ട് വാടാ എന്നാണ് പറഞ്ഞത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്താണ് ഷൈന്‍ ടോം ചാക്കോ സിനിമയിലേക്ക് വരുന്നത്. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടനായി മാറിയിരിക്കുകയാണ് അദ്ദേഹം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലിനോട് സിനിമയില്‍ അവസരം ചോദിച്ച അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. പുതിയ ചിത്രമായ വിചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ പഴയ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘കമല്‍ സാറിന്റെ ഫാമിലിയും എന്റെ ഫാമിലിയും അടുത്തടുത്ത കോമ്പൗണ്ടുകളിലായിരുന്നു. അന്ന് സിനിമയില്‍ അഭിനയിക്കണം എന്ന ത്വര ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് അഴകിയ രാവണന്‍ റിലീസായിട്ടുള്ളത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. കമല്‍ സാറിന്റെ സ്‌കൂളില്‍ കുട്ടികള്‍ക്ക് കുറച്ച് സ്‌പേസുണ്ടാവും. അന്ന് അച്ഛന് കാലില്‍ ആണി കേറി ടിട്‌നെസായി. കമല്‍ സാറിനെ വിളിച്ചുകൊണ്ട് വരാന്‍ അച്ഛന്‍ പറഞ്ഞു. അങ്ങനെ സാറിനെ കാണാന്‍ ഞാനും അമ്മയും കൂടി പോയി.

നമ്മുടെ ഉള്ളില്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമാണ് അപ്പോള്‍. സംവിധായകന്‍ മുഴുവനോടെ അടുത്ത് നില്‍ക്കുകയാണ്. ഞാന്‍ അമ്മയോട് പറയുന്നുണ്ട് സാറിനോട് പറയാന്‍. നിനക്കല്ലേ അഭിനയിക്കാന്‍ ആഗ്രഹം നീ പറയെന്ന് അമ്മ പറഞ്ഞു. സാറേ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വളരെ സീരിയസായി പറഞ്ഞതാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ പറയുമ്പോള്‍ എന്താ തോന്നുക എന്നറിയാമല്ലോ. സാര്‍ ചിരിച്ചിട്ട് വണ്ടി എടുത്തോണ്ട് പോയി.

സാറിനെ വീണ്ടും കാണാന്‍ അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. അന്ന് സാര്‍ പറഞ്ഞത് പോയി പരീക്ഷ എഴുതീട്ട് വാടാ എന്നാണ്. അങ്ങനെ പ്ലസ് ടുവിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ സാറിനോട് ചോദിക്കാന്‍ പോയില്ല. നേരെ ലൊക്കേഷനിലേക്ക് കേറിചെന്നു, സാറേ ഞാന്‍ എത്തീന്ന് പറഞ്ഞു. നിന്നോട് വിളിച്ചിട്ട് വരാനല്ലേ പറഞ്ഞത് എന്ന് കമല്‍ സാര്‍ ചോദിച്ചു. അല്ലല്ല സാര്‍ വരാനാ പറഞ്ഞത് എന്ന് ഞാനും. ഇടിച്ച് കേറാതെ ഒരു നിവൃത്തീമില്ല,’ ഷൈന്‍ പറഞ്ഞു.

ഒക്ടോബര്‍ 14നാണ് വിചിത്രം റിലീസ് ചെയ്യുന്നത്. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Shine Tom Chacko shares the experience of asking Kamal for a chance when he was in the seventh standard

We use cookies to give you the best possible experience. Learn more