ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ: ഷൈന്‍ ടോം ചാക്കോ
Entertainment news
ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th April 2022, 12:19 pm

ഭീഷ്മ പര്‍വ്വത്തിലെ പീറ്ററായി അക്ഷരാര്‍ത്ഥത്തില്‍ അരങ്ങുവാഴുന്ന പ്രകടനമായിരുന്നു ഷൈന്‍ ടോം ചാക്കോ കാഴ്ചവെച്ചത്. മമ്മൂട്ടിക്കൊപ്പം തന്നെ പ്രേക്ഷകര്‍ എടുത്ത് പറഞ്ഞ് പ്രശംസിച്ചിരുന്നു ഷൈനിനെ.

നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍, മറ്റേതെങ്കിലും നടന്മാര്‍ ചെയ്ത റോളുകള്‍ കണ്ടിട്ട് അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ, എന്ന അവതാരകയുടെ ചോദ്യത്തിന് ഷൈന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്നാണ് തമാശരൂപേണ ഷൈന്‍ പറഞ്ഞത്.

”ഇടക്കൊക്കെ തോന്നാറുണ്ട്. പക്ഷെ, ഏത് ക്യാരക്ടറാണെന്ന് പറയില്ല. ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍.

എനിക്കത് നന്നായി ചെയ്യാന്‍ പറ്റും. അതിന് അത്ര മൂവ്‌മെന്റ് ഇല്ലല്ലോ. ചാടി വന്ന് പിടിച്ച്,” ഷൈന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഭീഷ്മ പര്‍വ്വത്തിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ വെയില്‍, കുറുപ്പ് എന്നീ സിനിമകളിലെ ഷൈനിന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിലും ഷൈന്‍ അഭിനയിക്കുന്നുണ്ട്. ബീസ്റ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തല മൊട്ടയടിച്ചുള്ള മുഖം വ്യക്തമാകാത്ത ഒരു കഥാപാത്രത്തെ കണ്ടിരുന്നു. ഇതാണോ ഷൈന്‍ ചെയ്യുന്ന കഥാപാത്രം എന്ന തരത്തിലും സിനിമാ മേഖലയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Content Highlight: Shine Tom Chacko says the role of Dinosaur in Jurassic Park would be better for him