മലയാള സിനിമ കാണാന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ എത്തുന്നില്ല എന്ന പരാതി കുറച്ച് കാലം മുമ്പ് വരെ ഒരു പ്രശ്‌നമായി പലരും ചൂണ്ടി കാണിച്ചിരുന്നു. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയ മലയാള സിനിമക്ക് തിരികെ തിയേറ്ററില്‍ പ്രേക്ഷകനെ എത്തിക്കാന്‍ സാധിച്ചത് പൃഥ്വിരാജ് ചിത്രം കടുവയിലൂടെയും, സുരേഷ് ഗോപി ചിത്രം പാപ്പനിലൂടെയുമായിരുന്നു.
പിന്നീട് റിലീസ് ചെയ്ത ടൊവിനോ ചിത്രം തല്ലുമാല, കുഞ്ചാക്കോ ബോബന്‍ സിനിമ ന്നാ താന്‍ കേസ് കൊട് എന്നിവ തിയേറ്ററില്‍ ആളെ നിറച്ച് പ്രദര്‍ശനങ്ങള്‍ തുടരുകയാണ്.
ഇപ്പോഴിതാ എല്ലാ കാലങ്ങളിലും ഹിറ്റ് ചിത്രങ്ങളേക്കാള്‍ ഉണ്ടായിട്ടുള്ളത് ഫ്‌ലോപ്പ് ചിത്രങ്ങള്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
താന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുടുക്ക് 2025ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന്‍ ബ്രോഡിക്കേസ്റ്റിങ് എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എല്ലാ കാലത്തും ഹിറ്റ് പടങ്ങളേക്കാള്‍ ഉണ്ടായിട്ടുള്ളത് ഫ്‌ലോപ്പ് സിനിമകളാണ്. ചിത്രങ്ങള്‍ മോശമായത് കൊണ്ടല്ല ചിലപ്പോള്‍ സിനിമായിറങ്ങുന്ന കാലഘട്ടം, സിനിമയുടെ കഥ ഒക്കെ സിനിമയുടെ വിജയത്തിനും തോല്‍വിക്കും കാരണമാണ്,’ ഷൈന്‍ പറയുന്നു.
ചില സിനിമകള്‍ എങ്ങനെ ഫ്‌ലോപ്പ് ആയി പോയി എന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഷൈന്‍ കൂടിച്ചേര്‍ക്കുന്നു.
‘കൂട്ടത്തില്‍ ഇരുന്ന് കാണുമ്പോള്‍ വര്‍ക്ക് ആവാത്ത പല സിനിമകളും ഒറ്റക്ക് കാണുമ്പോള്‍ വര്‍ക്ക് ആവാറുണ്ട്, അങ്ങനെ ഒരു സിനിമയാണ് മോഹന്‍ലാലിന്റെ വന്ദനം. മോഹന്‍ലാലിന്റെ ആ സമയത്തെ ചിത്രങ്ങളില്‍ അത്ര വലിയ ഹിറ്റ് ആവാതെ പോയ സിനിമയാണ് അത് പക്ഷെ ഇപ്പോഴും ആളുകള്‍ രസിക്കുന്ന ഒരു സിനിമയാണ് വന്ദനം എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ്,’ ഷൈന്‍ പറയുന്നു.
അതേസമയം ഓഗസ്റ്റ് 19നാണ് കുടുക്ക് 2025 തിയേറ്ററുകളില്‍ എത്തുക. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി നിഗൂഢത ഉയര്‍ത്തുന്ന രീതിയില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധനേടിയിരുന്നു. അള്ള് രാമേന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.