| Saturday, 26th February 2022, 12:31 pm

ഫോട്ടോ കണ്ട് മുഖത്ത് ഇന്നസെന്റ് ലുക്കുണ്ടെന്ന് പറഞ്ഞാണ് ആ സിനിമയിലേക്ക്‌ വിളിച്ചത്, എന്റെ സിനിമകളൊന്നും അവര്‍ കണ്ടിരുന്നില്ല; ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ.

ഇന്ന് മലയാളത്തിലെ തിരക്കേറിയ താരമാണ് ഷൈന്‍. മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ് യുടെ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും ചുവട് വെക്കാനൊരുങ്ങുകയാണ് താരം.

ബീസ്റ്റിന്റെ സംവിധായകനായ നെല്‍സണ്‍ തന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത് സിനിമകള്‍ കണ്ടിട്ടല്ലെന്നും ഫോട്ടോ മാത്രം കണ്ടാണെന്നും ഷൈന്‍ പറഞ്ഞു. തന്റെ ഫോട്ടോ കണ്ടപ്പോള്‍ നെല്‍സണ് ഇന്നസെന്റ് ലുക്ക് തോന്നിയെന്നും ഷൈന്‍ പറയുന്നു,’ കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മാനേജര്‍ വിളിച്ചിട്ട് ബീസ്റ്റ് സിനിമയുടെ കാര്യം പറഞ്ഞു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഡേറ്റ് വേണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ സംവിധായകന്‍ നെല്‍സണെ കാണാന്‍ തമിഴ്‌നാട്ടില്‍ ചെന്നു. എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്റെ ഫോട്ടോ കാണിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് ഇന്നസെന്റ് ലുക്ക് തോന്നി,’ ഷൈന്‍ പറഞ്ഞു.

‘എന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. പക്ഷേ കുറുപ്പ് ഇറങ്ങിയ ദിവസം ഉച്ചയായപ്പോള്‍ കുറിപ്പിന് നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് നെല്‍സണ്‍ പറഞ്ഞു. എന്റെ കഥാപാത്രത്തിനും നല്ല അഭിപ്രായങ്ങളുണ്ടെന്ന് പറഞ്ഞു. അന്ന് ഞാന്‍ ചെന്നൈയില്‍ ഷൂട്ടിലായിരുന്നു. റിലീസിന് നാട്ടില്‍ വരാന്‍ പറ്റിയില്ല.

കുറുപ്പ് എങ്ങനെയുണ്ടെന്ന് വിജയ്‌യും ചോദിച്ചു. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു. വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. എന്റെ അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നിരുന്നു,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ’മാണ് ഇനി പുറത്തിങ്ങാനിരിക്കുന്ന ഷൈന്റെ ചിത്രം. പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈന്‍ അവതരിപ്പിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.


Content Highlight: shine tom chacko says nelson selected him to beast noticed the innocent look on his face

Latest Stories

We use cookies to give you the best possible experience. Learn more