നമ്മളൊക്കെ ഇത്രകാലം ഈ ഫീല്‍ഡില്‍ ഇരുന്നിട്ട് ഒന്നും നടന്നിട്ടില്ല, ഇവനൊക്കെ ബോംബെയില്‍ നിന്ന് വന്നിട്ട് എന്ത് ചെയ്യാനാണ് എന്ന് അവനെ കണ്ടപ്പോള്‍ ആലോചിച്ചിരുന്നു: ഷൈന്‍ ടോം ചാക്കോ
Entertainment news
നമ്മളൊക്കെ ഇത്രകാലം ഈ ഫീല്‍ഡില്‍ ഇരുന്നിട്ട് ഒന്നും നടന്നിട്ടില്ല, ഇവനൊക്കെ ബോംബെയില്‍ നിന്ന് വന്നിട്ട് എന്ത് ചെയ്യാനാണ് എന്ന് അവനെ കണ്ടപ്പോള്‍ ആലോചിച്ചിരുന്നു: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th October 2022, 5:28 pm

അമല്‍ നീരദിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് ബോംബെയാണെന്ന് ഷൈന്‍ ടോം ചാക്കോ. റെഡ് കാര്‍പറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമലിനൊക്കെ മമ്മൂട്ടി ഡേറ്റ് കൊടുക്കുമോ എന്ന് ചിന്തിച്ചിരുന്നുവെന്നും ഷൈന്‍ പറയുന്നു.

‘അമല്‍ നീരദിനെ കുറിച്ച് പറയുമ്പോള്‍ ബോംബെ എന്ന് ഓര്‍മ വരും. അമല്‍ ബോംബെയില്‍ ക്യാമറാമാന്‍ ആയിരുന്നു. ആഷിഖാണ് പറഞ്ഞത് ബോംബെയില്‍ നിന്ന് ഒരു ടീം വരുന്നുണ്ടെന്ന് കഥ പറയാന്‍. അമലും സമീറും (സമീര്‍ താഹിര്‍) ആയിരുന്നു അത്. ഞങ്ങളന്ന് കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിട്ട് വര്‍ക്ക് ചെയ്യുകയാണ്. കറുത്തപക്ഷികളുടെ ലൊക്കേഷനില്‍ അമലും സമീറും വന്നു.

അമലിനെ കാണിച്ചിട്ട് ‘ഇത് അമല്‍, ബോംബെയില്‍ ക്യാമറാമാനാണ്, രാംഗോപാല്‍ വര്‍മയുടെ കമ്പനിയില്‍’ എന്നൊക്കെ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഏതോ കമ്പനിയുടെ ക്യാമറാമാന്‍ ആണെന്നാണ്. അന്ന് എനിക്ക് ഇവരെയൊന്നും അറിയില്ല. ഹിന്ദി പടം ഒന്നും കാണാറില്ല, മലയാളവും തമിഴും മാത്രമാണ് കണ്ടിരുന്നത്.

അന്ന് ബോംബെ എന്നൊക്കെ പറഞ്ഞപ്പോള്‍ ആലോചിച്ചു നമ്മളൊക്കെ ഇത്രകാലം ഈ ഫീല്‍ഡില്‍ ഇരുന്നിട്ട് ഒന്നും നടന്നിട്ടില്ല, ഇവനൊക്കെ ബോംബെയില്‍ നിന്ന് വന്നിട്ട് മമ്മൂക്കയെ വെച്ച് എന്ത് ചെയ്യാനാണ്. മമ്മൂക്ക് ഇവര്‍ക്കൊക്കെ ഡേറ്റ് കൊടുക്കുമോ’ എന്നൊക്കെ ആലോചിച്ചിരുന്നു.

പടം കണ്ടപ്പോള്‍ മനസിലായി ആള്‍ക്കാരുടെ ഉള്ളിലുള്ള, നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അതേസമയം ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, കനി കുസൃതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വിചിത്രം റീലീസ് ചെയ്തു. മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് വിചിത്രം നിര്‍മിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Shine tom chacko says he was confused about amal neerad’s entry