പലരുടെയും അഭിനയം നാടകീയമായി തോന്നിയപ്പോള്‍ ആ നടന്റെ അഭിനയം മാത്രമേ റിയലായി തോന്നിയിട്ടുള്ളൂ: ഷൈന്‍ ടോം ചാക്കോ
Entertainment
പലരുടെയും അഭിനയം നാടകീയമായി തോന്നിയപ്പോള്‍ ആ നടന്റെ അഭിനയം മാത്രമേ റിയലായി തോന്നിയിട്ടുള്ളൂ: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 12:40 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തി ഇന്ന് മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത നടനായി മാറിയ ആളാണ് ഷൈന്‍ ടോം ചാക്കോ. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയമേഖലയിലേക്ക് താരം കടന്നുവന്നത്. കമലിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയിലൂടെ 100 സിനിമ എന്ന നാഴികക്കല്ലിലെത്താനും താരത്തിന് സാധിച്ചു.

മലയാളസിനിമയില്‍ ഏറ്റവും റിയലിസ്റ്റിക്കായി അഭിനയിക്കുന്ന നടന്മാരെപ്പറ്റി സംസാരിക്കുകയാണ് ഷൈന്‍ ടോം. പണ്ടുകാലത്ത് ഒരൊറ്റ ക്യാമറ കൊണ്ട് മാത്രം ഷൂട്ട് ചെയ്യുന്ന അവസ്ഥയായതുകൊണ്ടാണ് പലരുടെയും പെര്‍ഫോമന്‍സ് ഇപ്പോള്‍ കാണുമ്പോള്‍ നാടകീയമായി തോന്നുന്നതെന്ന് ഷൈന്‍ ടോം പറഞ്ഞു. പിന്നീട് ഓപ്പോസിറ്റ് നില്‍ക്കുന്ന ആളുടെ റിയാക്ഷന്‍ കൂടി ഷൂട്ട് ചെയ്യാമെന്ന സ്ഥിതിയായപ്പോള്‍ കുറച്ചുകൂടി റിയലിസ്റ്റിക്കായ പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചെന്നും താരം പറഞ്ഞു.

ആ സമയത്ത് പലരുടെയും അഭിനയത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നെന്നും പ്രേം നസീര്‍, ജയന്‍, മധു എന്നിവരുടെ പഴയ സിനിമകളില്‍ അത് കാണാന്‍ സാധിക്കുമെന്നും ഷൈന്‍ ടോം പറഞ്ഞു. എന്നാല്‍ അക്കാലത്തും റിയലിസ്റ്റിക് പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഒരേയൊരു നടന്‍ സത്യന്‍ മാഷായിരുന്നെന്നും താരം പറഞ്ഞു. മറ്റ് നടന്മാരെ പേരെടുത്ത് പറയുമെങ്കിലും സത്യനെ മാത്രം മാസ്റ്റര്‍ എന്ന് വിളിക്കുന്നത് അതുകൊണ്ടാണെന്നും ഷൈന്‍ ടോം കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘പണ്ടുകാലത്തെ നടന്മാരുടെ പെര്‍ഫോമന്‍സ് ഇപ്പോള്‍ കാണുമ്പോള്‍ നാടകീയത തോന്നുന്നുണ്ടെന്ന് പലരും പറയാറുണ്ട്. അന്നത്തെ കാലത്ത് ഒരൊറ്റ ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ മുന്നില്‍ നിന്ന് മാത്രമേ പെര്‍ഫോം ചെയ്യാന്‍ പറ്റുള്ളൂ. പിന്നീട് രണ്ട് ക്യാമറ വെച്ച് എടുക്കാമെന്ന സ്ഥിതി വന്നപ്പോള്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്ന സെറ്റപ്പായി. അപ്പോള്‍ കുറച്ചുകൂടി റിയലിസ്റ്റിക് പെര്‍ഫോമന്‍സ് കാണാന്‍ പറ്റി.

പക്ഷേ ആ സമയത്തും റിയലിസ്റ്റിക്കായി പെര്‍ഫോം ചെയ്ത ഒരൊറ്റ നടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് സത്യന്‍ മാഷാണ്. ബാക്കി എല്ലാ നടന്മാരെയും പേരെടുത്ത് വിളിക്കുമ്പോള്‍ സത്യനെ മാത്രം മാസ്റ്റര്‍, മാഷ് എന്ന് ചേര്‍ത്താണ് വിളിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് പെര്‍ഫോമര്‍ സത്യന്‍ മാഷ് തന്നെയാണ്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko saying that Sathyan is most realistic actor in Old days