കമല്‍ സമവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാകരിയര്‍ ആരംഭിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. പിന്നീട് നിരവധി സിനിമകളില്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഷൈന്‍ ഗദ്ദാമയിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായി. കമലിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിവേകാനന്ദന്‍ വൈറലാണിലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിടാനും താരത്തിനായി.
കരിയറില്‍ ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷൈന്‍ ടോം. രണ്ടുപേരും ചെയ്തുവെച്ച എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ ഒരു നടനും ഇനി സാധിക്കില്ലെന്ന് ഷൈന്‍ ടോം പറഞ്ഞു.
കോമഡിയും റൊമാന്‍സും എല്ലാം വളരെ ഭംഗിയോടെ ചെയ്യുന്നതിലാണ് മോഹന്‍ലാല്‍ എന്ന നടന്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് താരം പറഞ്ഞു.മോഹന്‍ലാലിന് ശേഷം അതെല്ലാം മനോഹരമായി ചെയ്യാന്‍ കഴിവുള്ള നടന്‍ ഫഹദ് ഫാസില്‍ മാത്രമേയുള്ളൂവെന്നും ഷൈന്‍ ടോം പറഞ്ഞു.
എന്നാല്‍ മോഹന്‍ലാല്‍ ചെയ്യുന്ന പെര്‍ഫക്ഷനില്‍ അതൊന്നും ചെയ്യാന്‍ ഫഹദിന് കഴിയില്ലെന്നും അയാളെക്കൊണ്ട് കഴിയുന്ന തരത്തില്‍ മികച്ചതായി ചെയ്യുന്നുണ്ടെന്നും ഷൈന്‍ ടോം കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അനുകരിക്കുന്നവരെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തന്റേതായിട്ടുള്ള ദേഷ്യവും സങ്കടവും ക്യമറക്ക് മുന്നില്‍ കാണിച്ചത് ഫഹദ് മാത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പോലെയല്ല ഫഹദ്. അവര്‍ക്ക് ശേഷം വന്ന നടന്മാരില്‍ ഏറ്റവും മികച്ചത് ഫഹദാണ് എന്നാണ് ഞാന്‍ പറയുന്നത്. ബിഗ് എംസിന് ശേഷം സ്റ്റാറുകള്‍ ഉണ്ടായിട്ടുണ്ട്, ഹീറോസ് ഉണ്ടായിട്ടുണ്ട്. പക്ഷേ അവരെപ്പോലെ ഒരു നടന്‍ ഉണ്ടായത് ഫഹദ് വന്നപ്പോഴാണ്.
മോഹന്‍ലാലിനെപ്പോലെ കോമഡിയും റൊമാന്‍സുമെല്ലാം വഴങ്ങുന്ന നടനാണ് ഫഹദ്. മോഹന്‍ലാല്‍ ചെയ്ത ആ പെര്‍ഫെക്ഷന്‍ ഇനിയാര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഫഹദ് കുറച്ചുകൂടി ഇന്റന്‍സായിട്ടുള്ള കഥാപാത്രങ്ങളാണല്ലോ തെരഞ്ഞെടുക്കുന്നത്. മോഹന്‍ലാല്‍ ചെയ്തതുപോലെ ചെയ്യാന്‍ ഒരുപാട് റെസ്ട്രിക്ഷന്‍സുണ്ട്. പക്ഷേ തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ മികച്ചതാക്കാന്‍ ഫഹദിന് കഴിയുന്നുണ്ട്,’ ഷൈന്‍ ടോം പറഞ്ഞു.
Content Highlight: Shine Tom Chacko saying that Fahadh Faasil can perform like Mohanlal with some limitations