| Friday, 13th September 2024, 4:17 pm

മലയാളത്തിലെ ഏറ്റവും മികച്ച കണ്‍ഫ്യൂഷന്‍ ഡ്രാമ ആ പ്രിയദര്‍ശന്‍ ചിത്രമാണ്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനസഹായിയായി സിനിമാജീവിതം തുടങ്ങിയയാളാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആദ്യമായി ക്യാമറക്ക് മുന്നില്‍ മുഖം കാണിച്ച ഷൈന്‍ ടോം ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ്. നായകനായും, സഹനടനായും, വില്ലനായും തിളങ്ങി നില്‍ക്കുന്ന താരം ഈ വര്‍ഷം റിലീസായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.

മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കണ്‍ഫ്യൂഷന്‍ ഡ്രാമ ഏതെന്ന് പറയുകയാണ് ഷൈന്‍. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസായ ചന്ദ്രലേഖയാണ് തന്റെ എക്കാലത്തെയും ഫേവറെറ്റെന്ന് ഷൈന്‍ പറഞ്ഞു. ആള്‍ക്കാരെ കണ്‍ഫ്യൂസ് ചെയ്ത് ചിരിപ്പിക്കുന്ന സിനിമകള്‍ പലപ്പോഴും റിസ്‌കുള്ളതാണെന്നും എന്നാല്‍ അത്തരം സിനിമകള്‍ ചെയ്യുക എന്നത് ഒരു ഫിലിംമേക്കറുടെ വെല്ലുവിളിയാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രലേഖയിലെ ഹോസ്പിറ്റല്‍ സീനിന് ഇന്നും റിപ്പീറ്റ് വാല്യു ഉണ്ടെന്നും എല്ലാ കാലത്തും അതിലെ കോമഡിക്ക് ഫ്രഷ്‌നസ്സുണ്ടെന്നും ഷൈന്‍ പറഞ്ഞു. എത്ര സിനിമകള്‍ക്ക് ശേഷമാണ് പ്രയദര്‍ശന്‍ ചന്ദ്രലേഖ ചെയ്തതെന്നും ഓരോ സെക്കന്‍ഡും ചിരി ഉണ്ടാക്കുന്നതാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

‘മലയാളസിനിമയില്‍ പണ്ട് ഒരുപാട് കണ്‍ഫ്യൂഷന്‍ ഡ്രാമകള്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ ഇറങ്ങുന്നില്ല. ആളുകളെ കണ്‍ഫ്യൂസ് ചെയ്ത് ചിരിപ്പിക്കുക എന്നത് വലിയൊരു ടാസ്‌കാണ്. ചെറുതായി പാളിയാല്‍ പോലും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാകും. അത്തരം സിനിമകള്‍ ചെയ്ത് ഫലിപ്പിക്കുക എന്നത് ഒരു ഫിലിംമേക്കറെ സംബന്ധിച്ച് വെല്ലുവിളിയാണ്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കണ്‍ഫ്യൂഷന്‍ ഡ്രാമ ചന്ദ്രലേഖയാണ്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കോമ്പോ അതിന് മുമ്പും ശേഷവും ഒന്നിച്ചിട്ടുണ്ട്. പക്ഷേ ചന്ദ്രലേഖ പോലെ ചിരിപ്പിച്ച സിനിമ വേറെ ഉണ്ടായിട്ടില്ല. ആ ഹോസ്പിറ്റലിലെ സീനൊക്കെ ഇന്ന് കാണുമ്പോള്‍ ഫ്രഷ്‌നസ്സുണ്ട്. ഓരോ സെക്കന്‍ഡിലും നമ്മളെ ചിരിപ്പിച്ചോണ്ടിരിക്കുന്ന സിനിമയാണ് അത്,’ ഷൈന്‍ ടോം പറഞ്ഞു.

Content Highlight: Shine Tom Chacko saying that Chandralekha is his favorite confusion drama movie

We use cookies to give you the best possible experience. Learn more