'തല്ലുമാലയിലെ കഥാപാത്രത്തിലേക്കെത്താന്‍ പറ്റിയില്ല', 'ഡബ്ബിങ്ങിന്റെ സമയത്ത് ടൊവിനോയെ വിളിച്ച് അര മണിക്കൂര്‍ സംസാരിച്ചു'
Film News
'തല്ലുമാലയിലെ കഥാപാത്രത്തിലേക്കെത്താന്‍ പറ്റിയില്ല', 'ഡബ്ബിങ്ങിന്റെ സമയത്ത് ടൊവിനോയെ വിളിച്ച് അര മണിക്കൂര്‍ സംസാരിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 8:45 am

തല്ലുമാല ഷൂട്ടിന്റെ സമത്ത് കഥാപാത്രത്തിലേക്കെത്താന്‍ പറ്റിയില്ലെന്ന് ഷൈന്‍ ടോം ചാക്കോ. കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുഖം കിട്ടിയില്ലെന്നും സാധാരണ സിനിമകളുടെ ഘടനയെ ബ്രേക്ക് ചെയ്യുന്ന സിനിമയാണ് തല്ലുമാലയെന്നും ഹിറ്റ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു. ഷൈനൊപ്പം ടൊവിനോയും കല്യാണിയും അഭിമുഖത്തിനെത്തിയിരുന്നു.

‘പെട്ടെന്നാണ് തല്ലുമാല എന്ന പടം എനിക്ക് കേറി വരുന്നത്. റെജി എന്ന കഥാപാത്രമാണ് ചെയ്യുന്നത്. സാധാരണ ഒരു പടം ചെയ്യുന്ന സമയത്ത് ക്യാരക്റ്റര്‍ പിടിച്ച് പോകാന്‍ പറ്റും. പക്ഷേ തല്ലുമാലയുടെ ഷൂട്ടിന്റെ സമയത്ത് ക്യാരക്റ്ററിലേക്ക് എത്താന്‍ പറ്റുന്നില്ല. കാരണം സീനുകള്‍ ഇല്ല. സീനുകള്‍ കുറവാണ്, എട്ട് ഇടിയും എട്ട് പാട്ടുമല്ലേ. അതുകൊണ്ട് കഥാപാത്രത്തെ ചെയ്ത ഒരു സുഖം കിട്ടുന്നില്ല.

എട്ട് പാട്ടും എട്ട് ഇടിയും എങ്ങനെ ഒരു സിനിമയിലേക്ക് ഉള്‍ക്കൊള്ളിക്കും എന്നൊരു സാധനം കൂടി ഉണ്ട്. പഴയ 80കളിലേയും 90കളിലേയും സിനിമകളിലൊക്കെ ആറ് പാട്ടുകളൊക്കെ വരെ നമ്മള്‍ കണ്ടിട്ടുണ്ട്. പ്രിയന്‍ സാറിന്റെയും കമല്‍ സാറിന്റേയുമൊക്കെ പടങ്ങളിലുണ്ടാവാറുണ്ട്. എട്ട് പാട്ടുകള്‍ ഇവര്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കും എന്നാണ് ചിന്തിച്ചത്.

പക്ഷേ ഡബ്ബിങ്ങിന് വന്നപ്പോള്‍ കുറച്ച് ഭാഗങ്ങള്‍ കണ്ടു. അപ്പോള്‍ കറക്റ്റായിട്ട് തന്നെ അടികളൊക്കെ ഇതില്‍ പ്ലേസ് ചെയ്തിട്ടുണ്ട്. സാധാരണ സിനിമകളുടെ ഒരു ഘടനയുണ്ടല്ലോ, അതൊക്കെ ഈ സിനിമ ബ്രേക്ക് ചെയ്തിട്ടുണ്ട്. ടൊവിനോയൊക്കെ വേറെ ഒരാളായിട്ടാണ്. ഇതുവരെ കണ്ട ആളല്ല,’ ഷൈന്‍ പറഞ്ഞു.

ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ ഷൈന്‍ തന്നെ വിളിച്ച് അര മണിക്കൂര്‍ സിനിമയുടെ ഘടനയെ പറ്റി സംസാരിച്ചു എന്നാണ് ടൊവിനോ പറഞ്ഞത്.

ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. മണവാളന്‍ വസീം, വ്‌ളോഗര്‍ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടോവിനോയും കല്ല്യാണിയും എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ്. വിഷ്ണു വിജയ് ആണ് സംഗീതസംവിധാനം. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഷോബി പോള്‍രാജ് കൊറിയോഫിയും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.

Content Highlight: Shine Tom Chacko said that he could not reach in to the character while Thallumala shoot