ദുല്‍ഖറിന് മലയാളം ഈസിയല്ല, വായിക്കാനൊക്കെ ബുദ്ധിമുട്ടാണ്: ഷൈന്‍ ടോം ചാക്കോ
Film News
ദുല്‍ഖറിന് മലയാളം ഈസിയല്ല, വായിക്കാനൊക്കെ ബുദ്ധിമുട്ടാണ്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th October 2022, 1:18 pm

മമ്മൂട്ടിയുടത്ര ദുല്‍ഖര്‍ സല്‍മാന്‍ സംസാരിക്കില്ലെന്ന് ഷൈന്‍ ടോം ചാക്കോ. മലയാളം എളുപ്പത്തില്‍ വായിക്കാനാവില്ലെങ്കിലും ദുല്‍ഖര്‍ എല്ലാ ഭാഷയും കൈകാര്യം ചെയ്യുമെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

‘ദുല്‍ഖര്‍ മമ്മൂക്കയുടത്ര സംസാരിക്കില്ല. സംസാരപ്രിയനല്ല. കുറച്ച് ഷൈ ആണ്. മലയാളം അധികം ഈസിയല്ല പുള്ളിക്ക്. വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ എല്ലാ ഭാഷയും ദുല്‍ഖര്‍ കൈകാര്യം ചെയ്യും,’ ഷൈന്‍ പറഞ്ഞു.

നേരത്തെ ദുല്‍ഖറിനെക്കാള്‍ തനിക്ക് സൗഹൃദമുള്ളത് മമ്മൂട്ടിയോടാണെന്ന് ഷൈന്‍ പറഞ്ഞിരുന്നു. ‘മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണം മമ്മൂട്ടി സിനിമകളില്‍ ഇതിനു മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നിവയില്‍. അതിന് ശേഷമാണ് ഉണ്ടയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല.

മമ്മൂക്ക നമ്മള്‍ സിനിമയില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്. ഭയങ്കരമായി സംസാരിക്കും. നമ്മള്‍ തനിയെ കംഫേര്‍ട്ടാകും. എന്നാല്‍ പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തിനോടൊപ്പം സംസാരിക്കാന്‍ കഴിയില്ല.

ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം സംസാരിക്കുന്നത് മൂന്ന് പടം അസിസ്റ്റ് ചെയ്ത് ഉണ്ട ചെയ്തതിന് ശേഷമാണ്. ഭീഷ്മ പര്‍വ്വത്തില്‍ എത്തിയപ്പോഴാണ് കുറച്ച് കൂടി ഈസിയായത്. എന്നാല്‍ ദുല്‍ഖറുമായി വേറെ പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നാല്‍ ഒരുപാട് സംസാരിക്കാനുള്ള കാര്യമൊന്നുമില്ല. പക്ഷെ മമ്മൂക്കയുമായി നല്ല സൗഹൃദത്തിലാണ്,’ ഷൈന്‍ പറഞ്ഞു.

വിചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്ത ഷൈന്‍ ടോമിന്റെ ചിത്രം. നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രത്തില്‍ ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാല്‍, കേതകി നാരായണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 14നാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlight: Shine tom chacko said that although Malayalam is not easy to read, Dulquer can handle every language