ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കില്‍ അത് പീഡിപ്പിക്കുന്നവരോടാണ് ചോദിക്കേണ്ടതെന്ന് ഷൈന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്നത് തെറ്റാണെന്ന് താന്‍ പറയുന്നില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറയുമ്പോള്‍ ആ സ്ത്രീയും പുരുഷനും തമ്മില്‍ ഇടപാട് ഉണ്ടായിരിക്കുമല്ലോ എന്നും ഷൈന്‍ ചോദിച്ചു. അങ്ങനെ പീഡിപ്പിക്കുന്ന സമയത്ത് അയാളെ തിരിച്ച് തല്ലിക്കൂടെ എന്നും ഷൈന്‍ ചോദിച്ചു. ഇങ്ങനെ ഒരു പരാതി വരുമ്പോള്‍ അതില്‍ തന്റെ സഹപ്രവര്‍ത്തകനുണ്ടെങ്കില്‍ താന്‍ അയാളുടെ കൂടെ നില്‍ക്കുമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
പരാതി തന്ന സ്ത്രീയോടൊപ്പവും പരാതിക്ക് ഇരയായ പുരുഷനോടൊപ്പവും താന്‍ നില്‍ക്കുമെന്നും രണ്ടു പേരും തന്റെ സഹപ്രവര്‍ത്തകരാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍ ടോം.
‘സമൂഹത്തിലെ എല്ലാ മേഖലകളിലും സത്രീയും പുരുഷനും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. എത്ര തന്നെ ഇല്ലെന്ന് പറഞ്ഞാലും അതാണ് സത്യം. പീഡനം നടക്കുന്നുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്? ഞാന്‍ ആരെയും പീഡിപ്പിക്കാറില്ല. അങ്ങനെയൊരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് മുമ്പ് ആ പുരുഷനും സ്ത്രീയും തമ്മില്‍ ഇടപാട് ഉണ്ടായിരിക്കില്ലേ. പീഡിപ്പിക്കുന്ന സമയത്ത് അയാള്‍ക്കിട്ട് ഒന്ന് പൊട്ടിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ.
പുതിയതായി സിനിമയിലേക്ക് വരുന്ന ഒരു പെണ്‍കുട്ടിയെ പിടിച്ചുകെട്ടി ഇവിടെ ആരും ഒന്നും ചെയ്യുന്നില്ല. ഈ റിപ്പോര്‍ട്ടില്‍ പറയുന്നതൊക്കെ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ പണിയെടുക്കുന്ന മേഖലയില്‍ ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ രണ്ട് പേരുടെ കൂടെയും ഞാന്‍ നില്‍ക്കേണ്ടി വരും. ഒരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറഞ്ഞാല്‍ ഞാന്‍ അവളോടൊപ്പം നില്‍ക്കും. അത് ചെയ്തു എന്ന് പറയപ്പെടുന്ന എന്റെ സഹപ്രവര്‍ത്തകനോടൊപ്പവും ഞാന്‍ നില്‍ക്കും. കാരണം, രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine Tom Chacko’s response on Hema Commission report