| Monday, 24th April 2023, 8:21 am

'ആഷിഖ് അബുവിന് ഭയമുണ്ടോ?' എസ്.എഫ്.ഐക്കാരനോട്, പഴയ മഹാരാജാസ് ചെയര്‍മാനോടാണോയെന്ന് ഷൈന്‍ ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമക്കെതിരെ എന്തെങ്കിലും ആക്രമണങ്ങള്‍ നടക്കുമെന്ന ഭയമില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. തന്റെ സിനിമയില്‍ എന്തെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടോയെന്ന് നിങ്ങളാണ് പറയേണ്ടതെന്നും അത്തരത്തിലുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനല്ല താന്‍ ശ്രമിക്കുന്നതെന്നും ആഷിഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നീലവെളിച്ചം സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആഷിഖ് അബു.

പത്താന്‍ സിനിമക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു, താങ്കളുടെ സിനിമയില്‍ ഇതിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദ്യം.

‘ചെയ്യുന്നുണ്ടോയെന്ന് നിങ്ങളാണ് പറയേണ്ടത്. എന്റെ സിനിമകള്‍ ഒരു അവകാശ വാദവുമില്ലാതെയാണ് പുറത്തേക്ക് വരുന്നത്. നിങ്ങള്‍ അത് വിലയിരുത്തി അങ്ങനെയെന്തെങ്കിലും രാഷ്ട്രീയ നിലപാട് സിനിമയിലുണ്ടോയെന്ന് പറയണം?

എന്തെങ്കിലും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനല്ല ശ്രമിക്കുന്നത്. നാട്ടുകാരെല്ലാം ആഗ്രഹിക്കുന്ന മെയ്ന്‍ സ്ട്രീം സിനിമ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ചെയ്യുന്ന സിനിമകളില്‍ നമ്മളെ കൊണ്ട് പറ്റുന്ന ക്വാളിറ്റി കൊണ്ടുവരാനാണ് നോക്കുന്നത്,’ ആഷിഖ് അബു പറഞ്ഞു.

സിനിമകള്‍ വരുമ്പോള്‍ എന്തെങ്കിലും ഭയമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ആഷിഖിന്റെ മറുപടി. ഭയമുണ്ടോന്ന്, എസ്.എഫ്.ഐക്കാരനോട്, പഴയ മഹാരാജാസ് ചെയര്‍മാനോട്… എന്നായിരുന്നു ഈ ചോദ്യത്തോട് ഷൈന്‍ ടോം ചാക്കോയുടെ മറുപടി.

‘ആഷിഖ് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാവാന്‍ വന്നപ്പോള്‍ ഈ ധൈര്യത്തിലാ ഇരുന്നത്. ആദ്യമായി ഒരാള്‍ അസിസ്റ്റന്റ് ഡയറക്ടറായി വരുമ്പോള്‍ എത്രമാത്രം പേടിയുണ്ടാവുമെന്ന് അറിയാമോ? ഇദ്ദേഹം കേറി വന്ന് എല്ലാവരോടും വര്‍ത്തമാനം പറയുന്നു. ആരാ, മഹാരാജാസിലെ ചെയര്‍മാനാണ്. പറയാനുള്ളത് നമ്മള്‍ പറയണമല്ലോ,’ ഷൈന്‍ പറഞ്ഞു.

ഏപ്രില്‍ 20നാണ് നീലവെളിച്ചം റിലീസ് ചെയ്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം സംവിധാനം ചെയ്തത്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: shine tom chacko’s reply for the question about aashiq abu

We use cookies to give you the best possible experience. Learn more