അവാര്‍ഡുകള്‍ക്കെതിരെയുള്ള ഷൈന്‍ ടോം ചാക്കോയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും പല രീതിയിലാണെന്നും ചിലര്‍ ഒഴിവ് ദിവസമുണ്ടെങ്കില്‍ വിളിച്ച് അവാര്‍ഡ് നല്‍കുമെന്നും ഷൈന്‍ പറഞ്ഞു. മണപ്പുറം മിന്നലെയുടെ ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്റ്ററിനുള്ള അവാര്‍ഡ് മേടിച്ചതിന് ശേഷമായിരുന്നു വേദിയില്‍ നിന്ന് ഷൈന്‍ ടോമിന്റെ പരാമര്‍ശങ്ങള്‍. കുറുപ്പ്, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
‘ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്റ്റര്‍ എന്നൊക്കെ എഴുതി കാണിക്കുന്നത് നല്ലതാണ്. പല അവാര്‍ഡുകളും പല ആളുകള്‍ക്കാണ് കിട്ടുന്നത്, എന്താണിത്? സംസ്ഥാന അവാര്‍ഡ് ഒരു രീതിയില്‍, ദേശീയ അവാര്‍ഡ് വേറൊരു രീതിയില്‍, എല്ലാ അവാര്‍ഡുകളും പല പല രീതിയില്‍. ചില സമയത്ത് കണ്‍ഫ്യൂഷനാവും ഇത് നമ്മള്‍ക്ക് തന്നെ കിട്ടേണ്ടതാണോ എന്ന്. ഇത് തന്നത് കൊണ്ട് പറയുവല്ല, എല്ലാവര്‍ക്കും കൂടി വേണ്ടിയുള്ള പറച്ചിലാണ്.
കണ്ടാല്‍ തന്നെ തിരിച്ചറിയാന്‍ പറ്റും, അഭിനയം നല്ലതാണോ അല്ലയോ എന്ന്. ഇനി വേറെ ഒരു കൂട്ടരുണ്ട്. ഒരു അമ്പത് അവാര്‍ഡ് കൊടുക്കും. അവര്‍ ആദ്യമേ വിളിച്ച് ചോദിക്കും ഇന്ന തിയതിയില്‍ ഒഴിവാണോ എന്ന്. ഒഴിവാണെങ്കില്‍ ഒരു അവാര്‍ഡ് തരും. ഇപ്പോള്‍ കിട്ടിയത് പക്ഷേ ആദ്യമേ അനൗണ്‍സ് ചെയ്തതാണ്.
ഇവിടെ ആരാ നല്ലതും ചീത്തയും? അവാര്‍ഡ് വാങ്ങുന്നത് താല്‍പര്യമുള്ള കാര്യം തന്നെയാണ്. പക്ഷേ പത്ത് പേര്‍ക്ക് പത്ത് അവാര്‍ഡാണെങ്കില്‍ വാങ്ങാന്‍ വല്യ താല്‍പര്യമില്ല. എല്ലാവരും ഈ പട്ടണത്തില്‍ ജനിച്ച് വളര്‍ന്ന ആള്‍ക്കാരല്ല. പല ഗ്രാമങ്ങളില്‍ നിന്നും കഷ്ടപ്പെട്ട് വരുന്നവരാണ്. എന്തേലും വാ തുറന്ന് പറഞ്ഞാല്‍ അവന്റെ കിളി പോയെന്ന് പറയും. എന്താണ് അടിക്കുന്നതൊക്കെയാണ് ആള്‍ക്കാര്‍ക്ക് അറിയേണ്ടത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
വരുന്ന വഴി മുഴുവന്‍ ബ്ലോക്ക് ആയിരുന്നുവെന്നും വണ്ടികള്‍ ഇഴഞ്ഞാണ് നീങ്ങിയതെന്നും ഷൈന്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിക്ക് പോയിട്ട് ബ്ലോക്ക് കാരണം രണ്ട് മണിക്കൂര്‍ കൊണ്ടാണ് എത്തിയത്, ഇതാണോ വികസനം, ഷൈന്‍ ടോം ചോദിച്ചു. അവാര്‍ഡിന് നന്ദി പറഞ്ഞിട്ടാണ് താരം വേദി വിട്ട് പോയത്.
Content Highlight: Shine Tom Chacko’s comments against the awards are going viral on social media