| Sunday, 20th November 2022, 11:52 am

പഞ്ച് ഡയലോഗിന്റെ പതിവ് തെറ്റിച്ച് ക്രിസ്റ്റഫറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍; ഷൈന്‍ ടോം ചാക്കോയുടെ ചെന്നായ മമ്മൂട്ടിക്കൊപ്പമോ എതിര്‍ ചേരിയിലോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ക്രിസ്റ്റഫറിലെ ഷൈന്‍ ടോം ചാക്കോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ജോര്‍ജ് കൊറ്ററാക്കന്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിരിക്കുന്നത്.

ദ വൂള്‍ഫ് എന്നും പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ഷൈനിന്റെ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിയുടെ ക്രിസ്റ്റഫറിനോടൊപ്പമാണോ അതോ എതിര്‍ചേരിയിലാണോ ഷൈന്‍ വരുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.

നേരത്തെ ഭീഷ്മപര്‍വ്വത്തില്‍ ഷൈനും മമ്മൂട്ടിയും ഒന്നിച്ചെത്തിയ സീനുകള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ക്രിസ്റ്റഫര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ മാസ് പടമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. Biography of a vigilante cop എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

നേരത്തെ മമ്മൂട്ടിയുടെ ക്യാരക്ടറുകളും ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും പുറത്തുവന്നപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. നീതിയുമായി ബന്ധപ്പെട്ട പഞ്ച് ഡയലോഗുകളാണ് ഓരോ പോസ്റ്ററിലും ക്രിസ്റ്റഫര്‍ പറഞ്ഞിരുന്നത്.

‘നീതിയെന്നാല്‍ അവന് ഒരുതരം ഭ്രാന്താണ്’ എന്നാണ് ഒരു പോസ്റ്ററിലെ വാചകം. ‘നിയമം അവസാനിക്കുന്നിടത്ത് നീതി തുടങ്ങുന്നു’ എന്നായിരുന്നു മറ്റൊന്നിലേത്. ‘കാഞ്ചി വലിക്കും മുമ്പ്, സ്വയം ആലോചിക്കുന്ന ആ നിമിഷം’ എന്നും ഒരു പോസ്റ്ററിലുണ്ടായിരുന്നു. എന്നാല്‍ ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്ററില്‍ അത്തരം പഞ്ച് ഡയലോഗുകളൊന്നുമില്ല.

സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ വിനയ് ആണ് വില്ലനായി എത്തുന്നത്.

Content Highlight: Shine Tom Chacko’s character poster of the Christopher movie out

We use cookies to give you the best possible experience. Learn more