| Saturday, 17th February 2024, 12:27 pm

തുണ്ട്; മിണ്ടാനാകാതെ ഷൈന്‍, മാസ് എന്‍ട്രിയില്‍ ഷൈന്‍ ചെയ്ത് ബൈജു

വി. ജസ്‌ന

ഒരു സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ അതിലെ അഭിനേതാക്കള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അത്തരത്തില്‍ ചിത്രത്തിലെ അഭിനേതാക്കളുടെ നീണ്ടനിര കണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പടമായിരുന്നു തുണ്ട്.

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി വന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, റാഫി, കോട്ടയം നസീര്‍, ഉണ്ണിമായ പ്രസാദ്, ഗോകുലന്‍, ബൈജു, ജോണി ആന്റണി ഉള്‍പെടെയുള്ള വലിയ താരനിര തന്നെയുണ്ട്.

ബിജു മേനോന്‍ സിനിമ എന്നത് തുണ്ടിലേക്ക് ആളുകളെ ആകര്‍ഷിച്ച ഘടകമാണെങ്കിലും ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള നടന്മാര്‍ കൂടെയുള്ളത് സിനിമ മികച്ചതാകുമെന്ന് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സിനിമ കണ്ടതിന് ശേഷം പല കഥാപാത്രങ്ങളും ആ സിനിമയില്‍ ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് അവശേഷിച്ചത്.

ബിജു മേനോന്‍ ബോബി എന്ന കഥാപാത്രമായെത്തിയ ചിത്രം പറഞ്ഞത് പൊലീസുകാരെ ചുറ്റിപറ്റിയുള്ള കഥയായിരുന്നു. മേലുദ്യോഗസ്ഥരുടെ ചീത്തവിളിയും, ചെയ്യാത്ത തെറ്റില്‍ ബലിയാടാകേണ്ടി വരുന്ന സാധാരണ പൊലീസുകാരുടെ അവസ്ഥയും സഹപ്രവര്‍ത്തകരുടെ പാരവെപ്പുമൊക്കെയാണ് ചിത്രം പറഞ്ഞത്.

ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷിബിനെന്ന കഥാപാത്രവും ബോബിയും തമ്മിലുള്ള ഈഗോ ക്ലാഷും മറ്റുമാണ് പറയുന്നതെങ്കിലും ഷൈന്‍ എന്ന നടന് അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതായി ഉണ്ടായിരുന്നില്ല.

ഇടക്കിടെ ബോബിയെ കാണുമ്പോള്‍ മുഖത്ത് പുച്ഛഭാവങ്ങള്‍ വിതറുന്നതല്ലാതെ ആ കഥാപാത്രത്തിന് സിനിമയില്‍ ഒന്നും ചെയ്യേണ്ടി വന്നില്ല. നായകനുമായി കാര്യമായ ഡയലോഗുകള്‍ പോലും ആ കഥാപാത്രത്തിന് ഉണ്ടായിരുന്നില്ല. ഷൈന്‍ ആ സിനിമയില്‍ കുറഞ്ഞ ഇടങ്ങളിലാണ് സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇടക്ക് കൂട്ടുകാരനോട് ഫോണിലും നേരിട്ടും സംസാരിക്കുന്നയിടത്തും ബോബി ലീവിന് ആവശ്യപെടുമ്പോള്‍ മേലുദ്യോഗസ്ഥനോട് പാര വെക്കുന്നയിടത്തും ആള്‍ക്കൂട്ടത്തോട് കയര്‍ക്കുന്നയിടത്തും മാത്രമാണ് ഷൈന്‍ സംസാരിക്കുന്നത്. അതിനപ്പുറത്തേക്ക് ഷൈനിന് തുണ്ടില്‍ ഒന്നും ചെയ്യാനില്ലായിരുന്നു.

സിനിമയില്‍ ഒരു ആവശ്യവും ഇല്ലാതെ കടന്ന് പോയ മറ്റു കഥാപാത്രങ്ങളാണ് ജോണി ആന്റണിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും. സ്ഥാനകയറ്റത്തിനുള്ള പരീക്ഷ എഴുതുന്ന ബോബിക്ക് ക്ലാസെടുക്കാന്‍ എന്നോണം വരുന്ന കഥാപാത്രമാണ് ജോണി ആന്റണിയുടേത്.

ധര്‍മജനാകട്ടെ ഒരു ബിരിയാണി കടയുടെ സീനില്‍ വന്നുപോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. അതേസമയം, കുറഞ്ഞ സീനുകള്‍ കൊണ്ട് സിനിമയില്‍ സ്‌കോര്‍ ചെയ്തത് ബൈജുവായിരുന്നു.

സത്യചന്ദ്രന്‍ എന്ന ബൈജുവിന്റെ കഥാപാത്രത്തിന് നായകനായ ബിജു മേനോന് കിട്ടിയതിനേക്കാള്‍ മാസ് എന്‍ട്രി തന്നെയായിരുന്നു കിട്ടിയത്. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ ഒരു ഡയലോഗും ബൈജുവിന്റേത് തന്നെയായിരുന്നു.

ലൂസിഫറിലെ തന്റെ ഡയലോഗുമായി വന്ന ബൈജുവിന്റെ ആ കഥാപാത്രം ആ സീനുകളില്‍ നിറഞ്ഞു നിന്നിരുന്നു. അതേസമയം, റാഫി, കോട്ടയം നസീര്‍, ഗോകുലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്ല സ്‌പേസ് ഈ സിനിമയില്‍ ലഭിച്ചിട്ടുമുണ്ട്.

നവാഗത സംവിധായകനായ റിയാസ് ഷെരീഫ് ഒരുക്കിയ ചിത്രമാണ് തുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കിയത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.

‘തുണ്ട്’ പ്രഖ്യാപിച്ചത് മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പേര് കൊണ്ട് തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം പ്രമേയം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

Content Highlight: Shine Tom Chacko’s And Baiju Santhosh’s Charactors In Thundu Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more