|

ഒരുമിച്ചാണ് ലൊക്കേഷനിലേക്ക് പോയത്, അവിടെത്തിയപ്പോഴാണ് വിനായകനാണ് കാറോടിച്ചതെന്ന് പുള്ളി തന്നെ അറിയുന്നത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിനായകനൊപ്പം കാറില്‍ പോയ അനുഭവം വിവരിച്ച് ഷൈന്‍ ടോം ചാക്കോ. ന്യൂയര്‍ പാര്‍ട്ടി കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരുമിച്ച് പോയ അനുഭവമാണ് ഷൈന്‍ പങ്കുവെച്ചത്. പുതിയ ചിത്രം വിചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.

‘ന്യൂയര്‍ കഴിഞ്ഞിട്ട് ഞാനും വിനായകനും ഒരുമിച്ച് ഒരു ലൊക്കേഷനിലേക്ക് പോവുകയാണ്. ന്യൂയര്‍ പാര്‍ട്ടിയില്‍ അടി നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടക്കാണ് ലൊക്കേഷനിലേക്ക് പോകുന്നത്. വിനായകനാണ് കാര്‍ ഓടിക്കുന്നത്. അവിടെത്തി കഴിഞ്ഞപ്പോഴാണ് വിനായകനാണ് കാറോടിച്ചതെന്ന് പുള്ളി അറിയുന്നത്. അതാണ് ചില സാധനങ്ങള്‍. ഇതൊക്കെ ഒരു ഓളത്തില്‍ അങ്ങ് ചെയ്തുപോകുന്നതാണ്.

അതുപോലെ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലും സംഭവിച്ചു. കടലില്‍ ചാടി നീന്തി പോകുന്ന സീനാണ്. നീന്തിക്കേറി വന്നപ്പോള്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ എന്ന് ചോദിച്ചു. അപ്പോള്‍ പറയുവാണ് പുള്ളിക്ക് നീന്താന്‍ അറിയില്ലെന്ന്, പക്ഷേ ചെയ്തുപോവുകയാണ് ഇതൊക്കെ. അതൊക്കെ ഒരു ധൈര്യമാണ്,’ ഷൈന്‍ പറഞ്ഞു.

പന്ത്രണ്ട് ആണ് ഷൈന്‍ ടോമും വിനായകനും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ച ചിത്രം. ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ദേവ് മോഹന്‍, ശ്രിന്ദ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

അതേസമയം ഷൈന്റെ പുതിയ ചിത്രമായ വിചിത്രം ഒക്ടോബര്‍ 14ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അച്ചു വിജയനാണ് സംവിധാനം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീത സംവിധാനം.

Content Highlight: Shine Tom Chacko recounts his experience of going in a car with Vinayakan