| Saturday, 13th November 2021, 6:06 pm

ആ കാലഘട്ടതില്‍ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചതില്‍ സന്തോഷം; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ച് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്.

ചിത്രത്തില്‍ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടികള്‍ നേടുകയാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ, സിനിമ കണ്ട ശേഷമുള്ള ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

‘പടം കാണുമ്പോള്‍ ആ പഴയ കാലം ശരിക്കും നമുക്ക് ഫീലാവും, ആര്‍ട് ടീം അത്രയ്ക്ക് മനോഹരമായാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. അഭിനയിക്കുന്നസമയത്ത് ആര്‍ട് വര്‍ക്കായായാലും, കോസ്റ്റിയൂമായാലും ക്യാമറയായാലും ആ ആംബിയന്‍സ് നമുക്ക് കിട്ടുന്നുണ്ട്. ശ്രീനാഥ് അത്രയ്ക്ക് മനോഹരമായാണ് അക്കാര്യം ചെയ്തിട്ടുള്ളത്.

അവര്‍ ചെയ്തുവെച്ച ആ ആംബിയന്‍സാണ് ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് നമുക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്.

എനിക്ക് വളരെയധികം പരിചിതമായ കാലഘട്ടമായിരുന്നു അത്. ഞാന്‍ ജനിച്ചു വളര്‍ന്ന കാലമാണത്. ആ കാലഘട്ടത്തില്‍ ഒരിക്കല്‍ കൂടി ജീവിക്കാന്‍ പറ്റി,’ ഷൈന്‍ ടോം പറയുന്നു.

വെള്ളിയാഴ്ചയാണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം ഇറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്ലറിനുംമെല്ലാം മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shine Tom Chacko reacts afrer watchinf Kurup

We use cookies to give you the best possible experience. Learn more