'ഇന്ന് ജനിച്ച കുഞ്ഞ് നല്ല ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും?; ഉച്ചാരണം തെളിയിക്കുന്ന സ്പേസ് അല്ല സിനിമ'
Entertainment news
'ഇന്ന് ജനിച്ച കുഞ്ഞ് നല്ല ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും?; ഉച്ചാരണം തെളിയിക്കുന്ന സ്പേസ് അല്ല സിനിമ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th November 2023, 8:40 pm

തന്റെ ഉച്ചാരണം അത്ര പോരാ എന്ന് എന്ത് അടിസ്ഥാനത്തിലാണ് ആളുകൾ പറയുന്നതെന്ന് ഷൈൻ ടോം ചാക്കോ. താൻ സംസാരിക്കുന്നത് മനസിലാകാതിരിക്കുന്നുണ്ടോയെന്നും കുമാരി സിനിമയുടെ അടിസ്ഥാനത്തിലാണോ ഇത് പറയുന്നതെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നുണ്ട്.

സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ലെന്നും കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണ രീതിയിലാണ് സംസാരിക്കുകയെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. അല്ലെങ്കിൽ ഇന്ന് ജനിച്ച കുഞ്ഞ് നല്ല ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കുമെന്നും ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ അക്ഷരസ്ഫുടതയിൽ സംസാരിക്കാത്തത് കൊണ്ട് ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാകാതിരിക്കുന്നുണ്ടോ? എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്. എന്തിലെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്. കുമാരി സിനിമയുടെ അടിസ്ഥാനത്തിലാണോ? സിനിമയിലെ കഥാപാത്രങ്ങൾ ചെയ്ത വ്യത്യാസം കൊണ്ടാണോ?

സിനിമ നമ്മൾ ഒരിക്കലും ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല. ഒരു കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണ ശുദ്ധിയെ ആ കഥാപാത്രത്തിന് ഉണ്ടാവാൻ പാടുകയുള്ളൂ. അല്ലെങ്കിൽ ഇന്ന് ജനിച്ച കുഞ്ഞ് നല്ല ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. വളരെ കാലം സംസാരിക്കാതെ ഇരുന്നിട്ട് സംസാരിക്കാൻ തുടങ്ങുന്ന കഥാപാത്രം വളരെ ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. നല്ല ബോർ ആയിരിക്കും, പക്ഷേ കേൾക്കാൻ നല്ല രസമായിരിക്കും.

അക്ഷരസ്ഫുടതയുടെ മത്സരമില്ല. സിനിമയിൽ വളരെ ഭംഗിയുള്ള ആളുകളാണ് എന്ന് കാണിക്കാനുള്ള മത്സരവും നടക്കുന്നില്ല . ക്യാരക്ടറിന് അനുസരിച്ചുള്ള ലുക്കും ക്യാരക്ടറിന് അനുസരിച്ചുള്ള ഉച്ചാരണവുമാണ് ലക്ഷ്യം. നമുക്ക് ബ്യൂട്ടിഫിക്കേഷനല്ല, ക്യാരക്ടറൈസേഷൻ ആണ് വേണ്ടത്.

സച്ചിൻ ടെണ്ടുൽക്കറിന് അധികം ഹൈറ്റ് ഒന്നുമില്ല. ചുരുണ്ട മുടിയാണ്. അദ്ദേഹം ഓഫ് സൈഡിലേക്ക് ഡ്രൈവ് കളിക്കുന്നത് കാണാൻ എന്ത് മനോഹരമായ ഷോട്ട് ആണ്. എന്ത് മനോഹരമാണ് അത് കാണാൻ എന്ന് പറയില്ലേ. സുന്ദരമായ കാഴ്ച എന്നു പറയില്ലേ. പുള്ളിയെക്കാളും സൗന്ദര്യമുള്ളവരില്ലേ, അവർക്ക് അങ്ങനെ കളിക്കാൻ പറ്റുമോ? അപ്പോൾ സൗന്ദര്യം എന്തിനാണ് വേണ്ടത് വർക്കിലും ഒഴുക്കിലുമാണ്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

Content Highlight:  Shine Tom Chacko on what basis people say his accent is not good enough