അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചതിന്റെ പേരിൽ വിനായകൻ മാത്രമാണോ കുറ്റക്കാരൻ എന്ന് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത മാധ്യമങ്ങൾക്കെതിരെ കുറ്റമില്ലെന്നും മരണ ശേഷം ഉമ്മൻ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഫിലിം ബീറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിനായകന്റേത് 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. വിനായകൻ ആദ്യമായിട്ടല്ല പ്രസ്താവനകൾ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവർത്തകരാണ്. ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോൾ എന്താണ് ചെയ്യേണ്ടത്? അവർ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ അയാളുടെ പാർട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ?
ഉമ്മൻ ചാണ്ടിയുടെ സി.ഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേർത്തു കഥകൾ മെനഞ്ഞിട്ടും സി.ഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോൾ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കൻഡ് വീഡിയോ ചെയ്ത ഈ വ്യക്തിയെയും വെച്ച് ചോറുണ്ടു.
ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് (വിനായകൻ) ശരിയാണെന്നല്ല ഞാൻ പറഞ്ഞത്.
ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്ത് കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്. ഈ വ്യക്തിക്ക് പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വീഡിയോയ് ചെയ്ത ആൾക്കാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോഴാണ് സ്വൈര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്ക് പോകുകയായിരുന്നു. എന്നിട്ടും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ല?
വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറഞ്ഞില്ല. അത് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റുള്ളവർ ഉമ്മൻ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചർച്ച ചെയ്യുക,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിനായകന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
Content Highlights: Shine Tom Chacko on Vinayakan and Oomen Chandy