സിനിമകൾ അതിവേഗം ഒ.ടി.ടിയിൽ വരുന്നതിനെപ്പറ്റിയും തിയേറ്ററിൽ ആളുകൾ കയറാത്തതിനെയും പറ്റിയും വിശദീകരിക്കുകയാണ് നടൻ ഷൈൻ ടോം. സിനിമ ഇറങ്ങി ആഴ്ചകൾക്ക് ശേഷം ഒ.ടി.ടിയിൽ വരുന്നതുകൊണ്ടാണ് തിയേറ്ററിൽ ആളുകൾ വരാത്തതെന്ന് ഷൈൻ പറഞ്ഞു. റിലീസിന് ശേഷം ആറുമാസം കഴിഞ്ഞെങ്കിലും മാത്രമാണ് ഒ.ടി.ടി റിലീസ് വരാവൂ എന്നും അല്ലാത്ത പക്ഷം ഇരിക്കുന്ന കൊമ്പ് വെട്ടുന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.
‘സിനിമകൾ ഒ.ടി.ടിയിൽ ആറ് മാസം എങ്കിലും കഴിഞ്ഞേ വരാവൂ. നമ്മുടെ ദൂരദർശൻ ചാനൽ സർക്കാരിന്റെ അല്ലെ? അതിൽ സിനിമകൾ എത്ര നാളുകൾ കഴിഞ്ഞാണ് വന്നുകൊണ്ടിരുന്നത്. അതുപോലെ കഴിവതും ചിത്രങ്ങൾ തിയേറ്ററുകളിൽ ഓടണം. എന്നാലേ ആളുകൾ വരൂ.
ഇപ്പോൾ സിനിമകൾ മൂന്ന് ആഴ്ചകൾ കഴിഞ്ഞാൽ ഒ.ടി.ടിയിൽ വരും. അപ്പോൾ ആളുകൾ എന്ത് വിചാരിക്കും? തിയേറ്ററിൽ പോകേണ്ട കാര്യം ഉണ്ടോ? പടം വിജയിച്ചാലൂം മൂന്നാഴ്ചയും നാലാഴ്ചയും കഴിഞ്ഞ് ആളുകൾ കാണും. അപ്പോൾ ഇത്രയും വലിയ കൂടാരങ്ങളും തിയേറ്ററുകളും ഉണ്ടാക്കിയിട്ട് നമ്മൾ ഇരിക്കുന്ന കൊമ്പ് വെട്ടുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർ വലിക്കുന്നു, കുടിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല,’ ഷൈൻ ടോം പറഞ്ഞു.
അഭിമുഖത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന്റെ പേരിൽ നടൻ വിനായകനെതിരെയുള്ള കേസിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വിനായകനെ മാത്രം കുറ്റപ്പെടുത്തരുതെന്നും വിനായകന് മുൻപും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എന്തിന്റെ പേരിലാണ് വിനായകനെ മാത്രം കുറ്റപ്പെടുത്തുന്നത്? അയാൾ ചെയ്തത് നല്ല കാര്യമാണെന്നല്ല ഞാൻ പറയുന്നത്. ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ നമ്മൾ നല്ലവൻ എന്ന് പറയും ആ രീതിയിൽ മാറ്റിയതിനെപ്പറ്റി പറഞ്ഞതാണ് അദ്ദേഹം. പുള്ളി ഒരു മാസം കൂടി ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ഒരു മാസം കൂടി കുറ്റം പറഞ്ഞേനെ. കൂടെ നിന്നവരും പറയും,’ഷൈൻ ടോം പറഞ്ഞു.
അതേസമയം, വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് ഷൈൻ ടോമിന്റെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.