| Saturday, 10th December 2022, 6:42 pm

അവസാനം 'നോര്‍മലായ' ഒരു കഥാപാത്രം കിട്ടി; സെന്‍സിറ്റീവായ സെന്‍സിബിളായ പൊലീസ് ഉദ്യോഗസ്ഥന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, സിജ റോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ റോയ് റിലീസ് ചെയ്തിരിക്കുകയാണ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം സോണി ലിവിലാണ് റിലീസ് ചെയ്തത്. ടൈറ്റില്‍ കഥാപാത്രമായ റോയിയെയാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

സ്വപ്‌നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാത്ത ഒരു മാനസികാവസ്ഥ റോയിയെ ബാധിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് പോലും ഈ അവസ്ഥയെ കൃത്യമായി നിര്‍വചിക്കാന്‍ പറ്റുന്നില്ല. സ്വപ്‌നം കണ്ടതിന് ശേഷവും അത് യാഥാര്‍ത്ഥ്യമെന്ന നിലയിലാണ് റോയ് പെരുമാറുന്നത്. അതുമൂലം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

കേസ് അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഉദ്യോഗസ്ഥനായി ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെത്തുന്നുണ്ട്. സമീപകാലത്ത് വന്ന ഷൈന്‍ കഥാപാത്രങ്ങളെല്ലാം അല്പം എക്‌സെന്‍ഡ്രിക്കായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു. കുറുപ്പ്, തല്ലുമാല, കുമാരി, പന്ത്രണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ‘കൗതുകം കുറച്ച് കൂടുതലായ’ കഥാപാത്രങ്ങളെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചത്. വിജയ് ചിത്രം ബീസ്റ്റിലാണ് കുറച്ച് വ്യത്യസ്തമായ ഒന്ന് കണ്ടത്.

എന്നാല്‍ റോയിയിലേക്ക് വരുമ്പോള്‍ വളരെ നോര്‍മലായ സെന്‍സിറ്റീവായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷൈനില്‍ കാണാനാവുന്നത്. മികച്ച രീതിയില്‍ തന്നെ അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോയ്. സുനില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

റോയ് എന്ന വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രം സുരാജ് വെഞ്ഞാറമൂടിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ടീന എന്ന എഴുത്തുകാരിയെ സിജ റോയിയും മനോഹരമാക്കി. ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ അഞ്ജു ജോസഫ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. വി.കെ. ശ്രീരാമന്‍ എഴുത്തുകാരനായ ബാലഗോപാലായാണ് എത്തുന്നത്.

Content Highlight: shine tom chacko is sensible character in roy movie

We use cookies to give you the best possible experience. Learn more