മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സ്വഭാവ നടനായും തിളങ്ങുന്ന ഷൈനിന്റെ ഈയടുത്ത് പുറത്തിറങ്ങിയ കുറുപ്പ്, വെയില്‍, ഭീഷ്മ പര്‍വ്വം എന്നീ സിനിമകളിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ഇതില്‍ അമല്‍ നീരദ് ചിത്രമായ ഭീഷ്മയിലെ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ പന്ത്രണ്ടും റിലീസിന് തയാറായിരിക്കുകയാണ്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലാവുന്നത് പന്ത്രണ്ടിന് വേണ്ടിയുള്ള ഷൈനിന്റെ ഡബ്ബിംഗിന്റെ വീഡിയോയാണ്. അഭിനയിക്കുന്നത് പോലെ തന്നെ കൈകൊണ്ടും ശരീരം കൊണ്ടും ആംഗ്യങ്ങള്‍ കാണിച്ച് വളരെ എഫേര്‍ട്ടോടെ ഡബ്ബ് ചെയ്യുന്നതായാണ് വീഡിയോ.
സംവിധായകന്‍ ലിയോ തദേവൂസ് തന്നെയാണ് ഡബ്ബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. നിരവധി പേര്‍ വീഡിയോക്ക് കമന്റ് ചെയ്യുന്നുമുണ്ട്.
സ്‌കൈ പാസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മിക്കുന്ന പന്ത്രണ്ടിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വഹിക്കുന്നു. വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണാ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
ബി.കെ. ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റര്‍ നബു ഉസ്മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍.
കമലിന്റെ സംവിധാന സഹായിയായാണ് ഷൈന്‍ ഫിലിം കരിയര്‍ ആരംഭിച്ചത്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം ആരംഭിച്ചത്.
2014ല്‍ പുറത്തിറങ്ങിയ ഇതിഹാസയിലൂടെ നായകനായും ഷൈന്‍ തിളങ്ങി.
Content Highlight: Shine Tom Chacko dubbing for Panthrand- 12 movie with Vinayakan, Dev Mohan, Lal