പ്രസ് മീറ്റിന് വരുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല, അവര്‍ക്ക് ആള്‍ക്കാരെ തമ്മില്‍ അടിപ്പിക്കുന്നതിലും പ്രശ്‌നമുണ്ടാക്കുന്നതിലുമാണ് താല്‍പര്യം: ഷൈന്‍ ടോം ചാക്കോ
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന പ്രസ് മീറ്റുകളിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ. ജേണലിസം പഠിക്കാത്ത പിള്ളേരാണ് പ്രസ് മീറ്റിനെത്തുന്നതെന്നും അവര്‍ക്ക് സിനിമയെ പറ്റി അറിയാനല്ല താല്‍പര്യമെന്നും തല്ലുമാല സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ വെച്ച് നടന്ന പ്രസ് മീറ്റില്‍ ഷൈന്‍ പറഞ്ഞു.
‘ഇത്രയും ശാന്തമായ പ്രസ് മീറ്റ് വളരെ നാളുകള്‍ക്ക് ശേഷമാണ് കാണുന്നത്. നാട്ടില്‍ നടക്കുന്ന പ്രസ് മീറ്റ് കണ്ടിട്ടുണ്ടാകുമല്ലോ. സാധാരണ ജേണലിസം കഴിഞ്ഞ പിള്ളേര് നടത്തുന്ന പരിപാടിയല്ല അവിടെ നടക്കുന്നത്.
മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ട്. അത് ആരും പ്രോത്സാഹിപ്പിക്കുന്നില്ല. ലോക്ഡൗണ്‍ സമയത്ത് ആഷിക് അബു ലവ് എന്നൊരു പടം നിര്‍മിക്കാന്‍ തയാറായി. എല്ലാവരും അന്ന് അടച്ചിരിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമായിരിക്കും രണ്ട് പടങ്ങള്‍ ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരും അതിനെപറ്റി ഒന്നും മിണ്ടിയില്ല. അവര്‍ക്ക് നമ്മള്‍ എന്ത് കഴിച്ചു, എന്ത് കുടിച്ചു എന്നൊക്കെയാണ് അറിയേണ്ടത്.
ജേണലിസം പഠിച്ച പിള്ളേരാണെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് ഓണ്‍ലൈന്‍ ചാനലുകള്‍ ക്യാമറ കൊടുത്ത് വിടുന്ന പിള്ളേരാണ്. നമ്മള്‍ ചെയ്യുന്ന സിനിമകളെ കുറിച്ചോ പ്രമേയത്തെ കുറിച്ചോ അവര്‍ക്ക് അറിയണ്ട. അവര്‍ ആ പടം പോലും കേറി കാണുന്നില്ല.
പുറത്തേക്ക് വരുന്നവരെ പിടിക്കാന്‍ പുറത്ത് നിക്കും. ഓരോന്ന് ചോദിച്ച് വേറെ എന്തെങ്കിലും തമ്പ്‌നെയ്ല്‍ ഇട്ട് അതിനെ മുറിച്ച് മുറിച്ച് ഇടും. വേലി ചാടി വന്നുവെന്നൊക്കെയാണ് തലക്കെട്ട്. ഇതൊക്കെ എന്റര്‍ടെയ്‌നിങ്ങാണ്. പക്ഷേ അതിനൊക്കെ ഒരു പരിധിയുണ്ട്. കഴുത കാമം കരഞ്ഞുതീര്‍ക്കുമെന്ന് കേട്ടിട്ടില്ലേ,’ ഷൈന്‍ പറഞ്ഞു.
Content Highlight: Shine Tom Chacko criticizes media attending press meets of film promotions