| Monday, 20th February 2023, 10:54 pm

മേനോനായാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം; സംയുക്തക്കെതിരെ വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കുന്നതാണ് പ്രധാനമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാങ് എന്ന സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിക്കിടയിലാണ് ഷൈന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

സിനിമയിലെ നായികയായ സംയുക്ത പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് താരം സംയുക്തയോടുള്ള അതൃപ്തി അറിയിച്ചത്. തമിഴ് സിനിമയായ വാത്തിയുടെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന്‍ എടുത്ത് മാറ്റിയെന്ന് അറിയിച്ചിരുന്നു.

അതിനെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സംയുക്തയോടുള്ള തന്റെ അതൃപ്തി താരം അറിയിച്ചത്. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതല്‍ ഇഷ്ടം എന്നൊന്നും ഇല്ലെന്നും സഹകരിച്ച് മുമ്പോട്ട് പോകുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളെന്നും ഷൈന്‍ പറഞ്ഞു.

‘എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം, കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്,’ ഷൈന്‍ പറഞ്ഞു.

സംയുക്തക്കും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍ തൗഫിഖ്.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അതേസമയം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിച്ചത്.

content highlight: shine tom chacko criticies samyuktha

We use cookies to give you the best possible experience. Learn more