തെന്നിന്ത്യയില്‍ വലിയ ഫാന്‍സ് ബേസുള്ള താരമാണ് വിജയ്. സ്ക്രീനിലെ മാസ് ഡയലോഗ് കൊണ്ടും എനര്‍ജെറ്റിക് പെര്‍ഫോമന്‍സും കൊണ്ടും ആരാധകരെ ആവേശത്തിലാക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം നേരെ തിരിച്ചാണ്.
വിജയ്മായുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. പുതിയ വിജയ് ചിത്രം ‘ബീസ്റ്റി’ല്‍ ഷൈനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിജയ് നല്ല ഒതുക്കമുള്ള ആളാണെന്നും പക്ഷേ സ്ക്രീനില്‍ വന്നു കഴിഞ്ഞാല്‍ അദ്ദേഹം ആളാകെ മാറുമെന്നും ഷൈന്‍ കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്ന് വിജയ് ചോദിച്ചു. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് പറഞ്ഞു. വിജയ് നമ്മുടെ അടുത്ത് സ്റ്റൂളൊക്കെ ഇട്ട് വന്നിരിക്കും. നല്ല കമ്പനിയുള്ള ആളൊന്നുമല്ല. ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ. എന്റെ അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നിരുന്നു,’ ഷൈന്‍ പറഞ്ഞു.
‘സിനിമയില്‍ കാണുന്നത് പോലെ സ്മാര്‍ട്ടായി ഡാന്‍സ് ഒക്കെ കളിക്കുന്ന ഒരാളേ അല്ല വിജയ്. പ്രായമൊക്കെ നമുക്ക് മനസിലാവും. 30 വയസുകാരനല്ല എന്ന് മനസിലാവും. ആളൊരു ഗൗരവക്കാരനാണ്. പുള്ളീടെ പ്രായത്തിന്റേതായ പക്വതയുള്ള ഒരാളാണ്. പക്ഷേ സ്ക്രീനില്‍ കയറി ഡാന്‍സ് ഒക്കെ അങ്ങ് തുടങ്ങിയാല്‍ 30 വയസ്സുകാരനൊക്കെ ആവും.
ആദ്യം കണ്ടപ്പോള്‍ വിജയ്ക്ക് പ്രായമായോ എന്ന് തോന്നി. പക്ഷേ ഡാന്‍സ് തുടങ്ങിയാല്‍ നര മേക്കപ്പ് ചെയ്തതാണോന്ന് തോന്നും.
വിജയ് സര് രാവിലെ എഴുന്നേക്കുവോ രാത്രി ഉറങ്ങുവോ എന്നൊക്കെയുള്ള സംശയങ്ങള്‍ വരും. ചില കാര്യങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞു തരും. അദ്ദേഹം എന്നും ഡാന്‍സ് പ്രാക്ടീസ് ചെയ്യുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇത്ര സിമ്പിളായി കളിക്കാന്‍ പറ്റുന്നത്. പക്ഷേ അത്ര സിമ്പിളല്ല എന്ന് തല്ലുമാലയില്‍ ഡാന്‍സ് കളിച്ചപ്പോള്‍ എനിക്ക് മനസിലായി,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: shine tom chacko about vijay