| Tuesday, 14th June 2022, 2:25 pm

പേടിച്ചിട്ട് ബോട്ടിന്റെ ഉള്ളില്‍ കയറി ചുരുണ്ടുകൂടി കിടന്നു, കണ്ണുതുറന്നാല്‍ ഛര്‍ദ്ദിക്കാന്‍ വരും, നടക്കില്ലെന്ന് മനസിലായതോടെ നേരിടാന്‍ തീരുമാനിച്ചു; കടല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് ഷൈന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിജോ ആന്റണിയുടെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് അടിത്തട്ട്. നടുക്കടലില്‍ പൂര്‍ണമായും ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഒരു ചെറിയ ബോട്ടില്‍ നിന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും കടല്‍ കണ്ട് ഭയന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. അടിത്തട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

ആദ്യമൊക്കെ ആ ബോട്ടില്‍ നില്‍ക്കാന്‍ പോലും പറ്റിയിരുന്നില്ലെന്നും ബോട്ടിന്റെ അകത്തായുള്ള ചെറിയ ഭാഗത്ത് കയറി ചുരുണ്ടുകൂടി കിടക്കുകയായിരുന്നെന്നുമാണ് ഷൈന്‍ ടോം പറയുന്നത്. ഇങ്ങനെ തുടരാന്‍ കഴിയില്ലെന്ന് മനസിലായതോടെ കടലിനെ നേരിടാന്‍ തീരുമാനിച്ചെന്നും ഷൈന്‍ പറഞ്ഞു.

‘കടലില്‍ ഷൂട്ട് ചെയ്യാന്‍ ചില്‍ മോഡിലാണ് ഞങ്ങള്‍ പോയത്. കടലില്‍ നിന്ന് ബോട്ട് ഉള്ളിലേക്ക് കടന്നതും കാര്യങ്ങള്‍ കൈവിട്ട് പോയി. വെള്ളം അടിച്ച് കയറുകയാണ്. ബോട്ട് ഇങ്ങനെ ശക്തമായി ഇളകും.

എങ്ങോട്ടാണ് ഇത് മറിയുക എന്നറിയില്ല പേടിച്ച് വീ ഹൗസില്‍ കയറി ചുരുണ്ട് കൂടി കിടക്കും. കണ്ണ് തുറന്ന് നില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും. അങ്ങനെ കുറേ കഴിഞ്ഞപ്പോള്‍ പേടിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായി. ഷൂട്ട് നടക്കണമല്ലോ.

എന്തിനെയാണോ പേടിക്കുന്നത് അതിനെ നേരിടുക എന്നതാണ്. ബോട്ടിന്റെ മുന്നില്‍ പോയി നിന്നിട്ട് കാര്യമില്ല. നമുക്ക് കടല്‍ കാണാന്‍ പറ്റില്ല. പിറകില്‍ പോയി നില്‍ക്കണം. അപ്പോള്‍ നമുക്ക് കടല്‍ കാണാം. അങ്ങനെ പിറകില്‍ പോയി കടലിനെ തന്നെ നോക്കിനിന്നു.

അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ നമുക്ക് കടലിന്റെ താളം മനസിലാകും. ആ താളത്തിലേക്ക് നമ്മുടെ മനസെത്തും. ലൈഫിലെ വല്ലാത്തൊരു എക്‌സ്പീരിയന്‍സാണ് അത്.

എങ്ങനെയാണ് പേടിമാറ്റുക എന്ന് ആലോചിച്ചപ്പോഴാണ് പേടിക്കുന്ന കാര്യത്തെ നേരിടണമെന്ന് തീരുമാനിച്ചത്. പിന്നെ ഷൂട്ട് കഴിഞ്ഞ് ജീവനോടെ തിരിച്ചുവരുമെന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.

പകല്‍ പോലും കടലിനകത്ത് ഇരുട്ടാണ്. സണ്ണി നീന്തല്‍ അറിയാമെന്ന് പറഞ്ഞ് ഇതിനിടെ കടലില്‍ ചാടി. എന്നാല്‍ പുള്ളി ചാടി കഴിഞ്ഞപ്പോള്‍ വിവരം അറിഞ്ഞു.

എന്നോട് ചാടുന്നോ എന്ന് ചോദിച്ചു. ഞാന്‍ ചാടില്ലെന്നും നീന്തല്‍ അറിയില്ലെന്നും പറഞ്ഞു. ഒരു ബക്കറ്റില്‍ പോലും വീഴുന്നത് എനിക്ക് പേടിയാണ്. വെള്ളം അലര്‍ജിയാണ്. കുളിക്കുന്നത് പോലും ഇഷ്ടമല്ല(ചിരി),’ ഷൈന്‍ ടോം പറഞ്ഞു.

കടല്‍ വേറൊരു ലോകമാണെന്നും കടലില്‍ മീനുമില്ല ഒരു കോപ്പുമില്ല മൊത്തം പ്ലാസ്റ്റിക്കും വേസ്റ്റുമാണെന്നും അഭിമുഖത്തില്‍ ഷൈന്‍ പറയുന്നുണ്ട്.

അമരത്തില്‍ മമ്മൂക്ക കൊമ്പന്‍ സ്രാവിനെ പിടിക്കുന്ന ഒരു സീനുണ്ട്. അടിത്തട്ടില്‍ അങ്ങനെ എന്തെങ്കിലും വെല്ലുവിളി നിറഞ്ഞ സീന്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് കൊമ്പന്‍ സ്രാവിനേക്കാള്‍ വലിയ മീനിനെയൊന്നും ഇനി പിടിക്കാന്‍ ഇല്ലല്ലോയെന്നായിരുന്നു ഷൈനിന്റെ മറുപടി.

നമ്മള്‍ ഈ മത്തി, ഐല തുടങ്ങി തിന്നുന്ന മീനിനെ പിടിക്കുന്ന ആള്‍ക്കാരാണ്. സ്രാവിനെ പിടിക്കുന്ന ആള്‍ക്കാരല്ല. പിന്നെ ഞങ്ങളുടെ ഈ ബോട്ട് വെച്ച് സ്രാവിനെ പിടിക്കാന്‍ പോകാനും പറ്റില്ല.

നമ്മള്‍ കരുതുന്നതുപോലെയൊന്നുമല്ല കടല്‍. വലിയ ചിലവാണ് കടലില്‍ പോയി മീന്‍ പിടിക്കാന്‍. ഇപ്പോഴാണെങ്കില്‍ മീനും ഇല്ല. അപ്പോള്‍ പിന്നെ സ്രാവിനെ പിടിക്കാന്‍ പോയിട്ടെന്താ കാര്യം. ചെറുകിട മീനുകളെ കിട്ടാന്‍ തന്നെ എത്ര പാടുപ്പെട്ടെന്നറിയുമോ. കടലില്‍ മീനുമില്ല ഒരു കോപ്പുമില്ല.

കടലില്‍ ഉള്ളത് പ്ലാസ്റ്റിക്ക്, ചെരുപ്പ്, നാപ്കിന്‍ ഇതൊക്കെയാണ്. ഇതൊക്കെ നമ്മള്‍ തന്നെ ഉണ്ടാക്കി തള്ളിക്കൊടുത്തതാണ്. വേസ്റ്റാണ് മൊത്തം. ഞാനൊക്കെയിട്ട വേസ്റ്റ് നമ്മള്‍ തന്നെ കോരേണ്ടി വന്നു. ചെളി കോരേണ്ടി വന്നു. ആകെ ഒരു പ്രാവശ്യമാണ് മീന്‍ കിട്ടിയത്. ഇങ്ങനെ തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്കും കിട്ടുന്നത്. കാരണം പുറത്തുനിന്ന് വലിയ കപ്പല്‍ വന്ന് മാന്തിക്കൊണ്ടുപോകുകയാണ് മീനൊക്കെയെന്നാണ് അവര്‍ പറയുന്നത്. ഈ കപ്പല്‍ ട്രോളിങ് സമയത്ത് എവിടെ നിന്നാണ് വരുന്നത്. നിങ്ങള്‍ ചോദിച്ചോ, നിങ്ങള്‍ ചോദിക്കില്ലല്ലോ, ഷൈന്‍ പറഞ്ഞു.

Content Highlight: Shine Tom Chacko about the risks while shooting Adithattu movie in the sea

We use cookies to give you the best possible experience. Learn more