| Wednesday, 22nd February 2023, 9:08 am

കറുത്ത ആനയെ ആരും വെളുത്തതിനോട് ഉപമിക്കില്ല, കറുപ്പിന് ഏഴഴകാണ്, കറുപ്പ് മോശമാണെന്ന് മമ്മൂക്ക പറഞ്ഞിട്ടില്ല: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാദമായ മമ്മൂട്ടിയുടെ കറുത്ത ശര്‍ക്കര പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. കറുപ്പിനെ മോശമാക്കിയോ വെളുപ്പിനെ ഭംഗിയാക്കിയോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്ന് ഷൈന്‍ പറഞ്ഞു. മമ്മൂട്ടി ഒരു കുസൃതി ചോദ്യം ചോദിച്ചതാണെന്നും അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സില്ലി മങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

‘സംസാരിച്ചതിലൊന്നും ആരേയും എടുത്തുപറഞ്ഞ് മമ്മൂട്ടി മോശമാക്കിയിട്ടില്ല, ആളുകളെയോ കളറുകളെയോ അവസ്ഥയെയോ ഒന്നും. ഉള്ളത് ഉള്ളത് പോലെയേ പറഞ്ഞിട്ടുള്ളൂ. എന്തുകൊണ്ടാണ് ആനയെ വെളുത്ത സാധനമായി ഉപയോഗിക്കാത്തത്. ആന കറുപ്പായതുകൊണ്ട്. കറുപ്പിന് ഏഴ് അഴകാണെന്നാണ് പറയാറുള്ളത്. കറുപ്പ് മോശമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? വെളുത്തത് മാത്രമാണ് ഭംഗിയെന്നും പറഞ്ഞിട്ടില്ലല്ലോ. തന്നെ എന്തിനാണ് വേറൊരു കളറുള്ള സാധനവുമായി ഉപമിച്ചു എന്നൊരു കുസൃതി ചോദ്യം മാത്രമേ മമ്മൂക്ക ചോദിച്ചുള്ളൂ.

കൃഷ്ണനെ കാര്‍വര്‍ണനെന്നാണ് ഉപമിക്കാറുള്ളത്. കടും നീലകളറുള്ള അല്ലെങ്കില്‍ വളരെ മഞ്ഞ കളറുള്ള സാധനമായി ഉപമിക്കുമോ? അതിനോട് സാമ്യമുള്ള നിറമായിട്ടല്ലേ ഉപമിക്കാറുള്ളത്. അല്ലാതെ ആ കളര്‍ നല്ലതാണെന്നോ ഈ കളര്‍ മോശമാണെന്നോ പറഞ്ഞിട്ടില്ല. സാദൃശ്യം തോന്നാത്ത സാധനത്തോട് ഉപമിക്കാന്‍ പാടിലല്ലോ, അത് തെറ്റല്ലേ നമ്മള്‍ പഠിച്ച രീതിയില്‍. ചില സമയത്ത് മനസിരുത്തി കാണാത്തതുകൊണ്ടും മനസിലാക്കാത്തത് കൊണ്ടുമാണ് അങ്ങനത്തെ തെറ്റായ ഉപമകള്‍ വരുന്നത്.

പിന്നെ ചക്കരയുടെ രൂപത്തേയോ കളറിനെയോ ഉദ്ദേശിച്ചിട്ടല്ല ആ കുട്ടി പറഞ്ഞത്. സ്വീറ്റാണെന്നാണ് പറഞ്ഞത്. മമ്മൂക്ക ഫണ്ണായി പറഞ്ഞതാണ്. ഞങ്ങള്‍ അവിടെ ഇരുന്ന് ചളിയടിച്ചുകൊണ്ടിരിക്കുകയല്ലേ. അതിനെ ആ രീതിയിലല്ലേ കാണേണ്ടത്,’ ഷൈന്‍ പറഞ്ഞു.

ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേ മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോള്‍, നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല കറുത്ത ശര്‍ക്കര എന്നേ വിളിക്കുകയുള്ളൂവെന്നാണ് മമ്മൂട്ടി പറഞ്ഞത്. ശര്‍ക്കര എന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്, ആരേലും അങ്ങനെ ഒരാളെ പറ്റി പറയുമോ? ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാവുമെന്നും മമ്മൂട്ടി പറഞ്ഞു.

പിന്നാലെ മമ്മൂട്ടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മമ്മൂട്ടി കറുപ്പ് നിറത്തെ ഇകഴ്ത്തി സംസാരിച്ചുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന മലയാള സിനിമയിലെ തന്നെ ഏറ്റവും അപ്ഡേറ്റഡായ കലാകാരന്‍ എന്ന് മലയാള പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്ന മമ്മൂട്ടിയില്‍ നിന്നും ഇത്തരം വാചകങ്ങള്‍ കേള്‍ക്കുന്നത് സങ്കടകരമാണെന്നും വിമര്‍ശനം വന്നു.

Content Highlight: shine tom chacko about the controversial statement of mammootty

We use cookies to give you the best possible experience. Learn more