ട്രാഫിക് എന്ന ചിത്രത്തിൽ ശ്രീനിവാസൻ വണ്ടി ഓടിച്ചതുകൊണ്ട് മാത്രമാണ് ആ രംഗം വർക്കായതെന്ന് ഷൈൻ ടോം ചാക്കോ. ശ്രീനിവാസന് വണ്ടി ഓടിക്കാൻ അറിയില്ലെന്നും അദ്ദേഹം വണ്ടി ഓടിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത് എങ്ങനെയാണെന്ന് തനിക്കും കുഞ്ചാക്കോ ബോബനും മാത്രമേ അറിയൂ എന്ന് ആസിഫ് അലി പറഞ്ഞെന്നും ഷൈൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ആദ്യമായിട്ട് ശ്രീനിയേട്ടന്റെ കൂടെ അഭിനയിക്കുന്നത് ഗദ്ദാമയിലാണ്. ട്രാഫിക്കിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഞാനും ശ്രീനിയേട്ടനും ഗദ്ദാമയുടെ ലൊക്കേഷനിലേക്ക് പോകുന്നത്.
ശ്രീനിയേട്ടന് വണ്ടി ഓടിക്കാൻ അറിയില്ല. ട്രാഫിക്കിൽ അദ്ദേഹത്തിന്റെ കഥാപാത്രം വണ്ടി ഓടിക്കണം. ആ ശ്രീനിയേട്ടൻ ആണ് വണ്ടി പറപ്പിച്ച് ഹൃദയം കൊണ്ടുപോയി എത്തിക്കുന്നത്.
ശ്രീനിയേട്ടന് സ്‌കൂട്ടർ ആണെങ്കിലും കാർ ആണെങ്കിലും ഓടിച്ച് പഴക്കമില്ല. കാരണം അതൊക്കെ ഓടിക്കാൻ അറിയുന്ന ആളുകൾ ഒപ്പമുള്ളിടത്തോളം കാലം അത് പഠിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഒരിക്കൽ പഠിച്ച് കഴിഞ്ഞാലാണ് പിന്നെ ബുദ്ധിമുട്ട്.
അന്ന് ഹൃദയം ആശുപത്രിയിൽ എത്തിക്കുന്ന സീൻ ഷൂട്ട് ചെയ്യുന്ന കാറിൽ ഉണ്ടായിരുന്നത് ആസിഫ്, ചാക്കോച്ചൻ, പിന്നെ ശ്രീനിയേട്ടൻ എന്നിവരാണ്. ശ്രീനിയേട്ടൻ നന്നായി കൗണ്ടർ അടിക്കുന്ന ആളാണെന്ന് അറിയാല്ലോ. ആ ശ്രീനിയേട്ടനെ വരെ ചിരിപ്പിച്ച ആസിഫിന്റെ ഒരു കൗണ്ടർ ഉണ്ടായിരുന്നു.
കാരണം ആ വണ്ടി എങ്ങനെയാണ് അവിടെ എത്തിയതെന്ന് എനിക്കും ദൈവത്തിനും ചാക്കോച്ചനും മാത്രമേ അറിയൂ എന്നാണ് ആസിഫ് പറഞ്ഞത്. അത് പെട്ടെന്നുണ്ടായ കൗണ്ടർ ആണ്. ശ്രീനിയേട്ടൻ വരെ ചിരിച്ചു.
ആ ചിത്രം വർക്കായതു ശ്രീനിയേട്ടൻ വണ്ടി ഓടിച്ചതുകൊണ്ടാണ്. അതായത് ശ്രീനിയേട്ടനെ ഡ്രൈവർ ആയിട്ട് കാസ്റ്റ് ചെയ്തതുകൊണ്ട് ആളുകൾ അത് സ്വീകരിച്ചു. ആദ്യ കാഴ്ച്ചയിൽ തന്നെ വണ്ടി ഡെസ്റ്റിനേഷനിൽ എത്തിക്കാൻ പറ്റുന്ന ആളാണെന്ന് തോന്നിക്കഴിഞ്ഞാൽ ആ ചിത്രം വർക്കാവില്ല,’ ഷൈൻ ടോം പറഞ്ഞു.
വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് ഷൈൻ ടോമിന്റെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.
Content Highlights: Shine Tom Chacko about Sreenivasan