| Sunday, 4th August 2024, 9:02 pm

ഭരതന്‍, പദ്മരാജന്‍ എന്നിവരുടെ സിനിമയില്‍ കണ്ട കാര്യമാണ് ഞാന്‍ ഭീഷ്മപര്‍വത്തില്‍ ചെയ്തിട്ടുള്ളത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ആളാണ് ഷൈന്‍ ടോം ചാക്കോ. കമല്‍ സംവിധാനം ചെയ്ത നമ്മളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഷൈന്‍ ടോം ചാക്കോ ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായി. കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ലിലേക്കെത്താന്‍ ഷൈന്‍ ടോമിന് സാധിച്ചു.

സിനിമകളില്‍ ഡയലോഗുകളോടൊപ്പം എന്തെങ്കിലും ആക്ടിവിറ്റികള്‍ ചെയ്യുന്ന കാര്യം താന്‍ ആദ്യമായി ശ്രദ്ധിച്ചത് ഭരതന്‍, പദ്മരാജന്‍ എന്നിവരുടെ സിനിമകളിലാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ഹോളിവുഡ് സിനിമകളില്‍ എല്ലാ നടന്മാരും ഫോളോ ചെയ്യുന്ന കാര്യമാണ് അതെന്നും മലയാളത്തില്‍ ആ കാര്യം അങ്ങനെ കാണാന്‍ സാധിക്കില്ലെന്നും ഷൈന്‍ ടോം പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും ഭരതന്‍, പദ്മരാജന്‍ എന്നിവരുടെ സിനിമയില്‍ അഭിനയിക്കുന്നതും മറ്റ് സംവിധായകരുടെ സിനിമയില്‍ അഭിനയിക്കുന്നതും ശ്രദ്ധിച്ചാല്‍ മാറ്റം മനസിലാകുമെന്നും ഷൈന്‍ ടോം പറഞ്ഞു. ഭീഷ്മപര്‍വത്തില്‍ എല്ലാ സീനിലും കൈയില്‍ സിഗരറ്റും ലൈറ്ററും കരുതിയത് അതിന്റെ ഭാഗമാണെന്നും ഓരോ സീനിലും സിഗരറ്റ് വലിക്കുമ്പോള്‍ താന്‍ എന്തെങ്കിലും ചേഷ്ടകള്‍ കാണിക്കുമെന്നും ഷൈന്‍ ടോം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യക്ക് പുറത്തുള്ള സിനിമകള്‍, പ്രത്യേകിച്ച് ഹോളിവുഡ് സിനിമകള്‍ ശ്രദ്ധിച്ചാലറിയാം, എല്ലാ സീനിലും ആര്‍ട്ടിസ്റ്റുകള്‍ എന്തെങ്കിലും ആക്ടിവിറ്റി ചെയ്തുകൊണ്ടാണ് ഡയലോഗ് പറയുന്നത്. മലയാളത്തില്‍ മാത്രമാണ് ഡയലോഗ് പറഞ്ഞിട്ട് പോവുന്ന ഏര്‍പ്പാടുള്ളത്. പക്ഷേ ഭരതന്റെയും പദ്മാരജന്റെയും സിനിമകളില്‍ ഇത് കാണാന്‍ പറ്റില്ല. എല്ലാ ആര്‍ട്ടിസ്റ്റുകളും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുണ്ടാകും.

മമ്മൂട്ടിയും മോഹന്‍ലാലും ഈ രണ്ട് പേരുടെ സിനിമയില്‍ അഭിനയിക്കുന്നതും മറ്റ് സംവിധായകരുടെ സിനിമയില്‍ അഭിനയിക്കുന്നതും ശ്രദ്ധിച്ച് നോക്ക്. നല്ല വ്യത്യാസമുണ്ടാകും. അതുപോലൊരു കാര്യമാണ് ഞാന്‍ കുറുപ്പിലും ഭീഷ്മപര്‍വത്തിലും ചെയ്തിട്ടുള്ളത്. ഭീഷ്മപര്‍വത്തില്‍ എല്ലാ സീനിലും എന്റെ കൈയില്‍ സിഗരറ്റും ലൈറ്ററും ഉണ്ടാകും. ഓരോ തവണ സ്‌മോക്ക് ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ കൂടെ എന്തെങ്കിലും ചേഷ്ടകള്‍ കൂടി കാണിക്കുന്നണ്ടാകും,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko about smoking scene in Bheeshmaparvam

We use cookies to give you the best possible experience. Learn more