കമലിന്റെ സംവിധാനസഹായിയായി സിനിമാജീവിതം തുടങ്ങിയയാളാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആദ്യമായി ക്യാമറക്ക് മുന്നില്‍ മുഖം കാണിച്ച ഷൈന്‍ ടോം ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ്. നായകനായും, സഹനടനായും, വില്ലനായും തിളങ്ങി നില്‍ക്കുന്ന താരം വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.
ഇമോഷണലായിട്ടുള്ള കഥാപാത്രങ്ങളെക്കാള്‍ ഇംപാക്ട് നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുമെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയും മോഹന്‍ലാലും കരയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ ഇംപാക്ട് വില്ലനായി വരുമ്പോള്‍ ഉണ്ടാകുമെന്ന് ഷൈന്‍ ടോം പറഞ്ഞു. പാലേരി മാണിക്യത്തില്‍ മമ്മൂട്ടി ചെയ്ത നെഗറ്റീവ് കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് ചെറുതായിരുന്നില്ലെന്നും ഷൈന്‍ ടോം പറഞ്ഞു.
ആ സിനിമയിലെ പെര്‍ഫോം ചെയ്തതിന്റെ ബാക്കി ഇംപാക്ട് ഈയിടെ ഇറങ്ങിയ ഭ്രമയുഗത്തിലും കാണാന്‍ സാധിച്ചെന്ന് ഷൈന്‍ ടോം പറഞ്ഞു. ഇത്തരം നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കുന്നിടത്താണ് ഒരു നടന്‍ വിജയിക്കുന്നതെന്നും ഷൈന്‍ ടോം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.
‘ഏത് ആക്ടറിനെ എടുത്തു നോക്കിയാലും അവരുടെ പോസിറ്റീവ് കഥാപാത്രങ്ങളെക്കാള്‍ ഇംപാക്ട് നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യുമ്പോള്‍ ഉണ്ടാകും. അതിപ്പോള്‍ മമ്മൂക്ക ചെയ്താലും ലാലേട്ടന്‍ ചെയ്താലും. മമ്മൂക്കയുടെ പാലേരിമാണിക്യം എന്ന സിനിമ എടുത്തുനോക്കിയാല്‍ ഇത് കാണാന്‍ സാധിക്കും. അഹമ്മദ് ഹാജി എന്ന കഥാപാത്രം എന്തൊരു പവര്‍ഫുള്ളാണ്.
ഇതേ മമ്മൂക്ക തന്നെ നമ്മളെ കരയിക്കും. പക്ഷേ അതിനെക്കാള്‍ ഇംപാക്ടാണ് അഹമ്മദ് ഹാജിയെപ്പോലുള്ള കഥാപാത്രങ്ങള്‍ക്ക്. അദ്ദേഹത്തിന്റെ നോട്ടവും ഡയലോഗ് ഡെലിവറിയും സൗണ്ട് മോഡുലേഷനുമെല്ലാം ശ്രദ്ധിച്ചാല്‍ മനസിലാകും. അതേ സംഗതികള്‍ ഈയടുത്ത് ഇറങ്ങിയ ഭ്രമയുഗത്തിലും ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചേഷ്ടകള്‍ എല്ലാം ഗംഭീരമായിരുന്നു,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine Tom Chacko about Paleri Manikyam movie and Mammootty