|

ആ ട്രോളുകളുടെ പേരില്‍ വീട്ടില്‍ എത്ര അടിയുണ്ടായി എന്നറിയാമോ: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളുടെ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖങ്ങളില്‍ മോശമായി സംസാരിക്കുന്നു, മദ്യപിച്ച് എത്തുന്നു എന്ന തരത്തിലുള്ള ട്രോളുകള്‍ ഷൈന്‍ ടോം ചാക്കോക്ക് നേരെ ഏറെ കാലമായി നടക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ട്രോളുകളെ കുറിച്ചും അത് എങ്ങനെ തന്നെ ബാധിക്കുന്നു എന്നതിനെ കുറിച്ചും ഒപ്പം കേരളത്തിലെ ഓണ്‍ലൈന്‍ മീഡിയകളില്‍ ചിലര്‍ തന്റെ അഭിമുഖങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് കണ്ടന്റ് നല്‍കുന്നതിനെ കുറിച്ചും പ്രതികരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തനിക്ക് വ്യക്തിപരമായി ആരോടും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പക്ഷെ അഭിമുഖങ്ങള്‍ നല്‍കുന്നത് മദ്യപിച്ച് ആണെന്ന് ഒക്കെ പറയുന്നത് തെറ്റായ കാര്യമാണെന്നും ഷൈന്‍ പറയുന്നു.

നേരത്തെ തല്ലുമാലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍
പ്രസ് മീറ്റിന് വരുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല, അവര്‍ക്ക് ആള്‍ക്കാരെ തമ്മില്‍ അടിപ്പിക്കുന്നതിലും പ്രശ്നമുണ്ടാക്കുന്നതിലുമാണ് താല്‍പര്യമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.

ഇത് എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും അഭിമുഖങ്ങളെ തെറ്റായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നവരെയാണെന്നും ഷൈന്‍ പറഞ്ഞു. പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നും ഷൈന്‍ പറയുന്നു.

‘ അഭിമുഖങ്ങളില്‍ മദ്യപിച്ച് ആണ് വരുന്നത് എന്നൊക്കെ ട്രോള്‍ വന്നത് കാരണം വീട്ടില്‍ എന്തൊക്കെ പ്രശ്‌നം ഉണ്ടായി എന്ന് അറിയാമോ, വീട്ടില്‍ എത്ര വെട്ടം അടി ഉണ്ടായി എന്ന് അറിയാമോ, വീട്ടുകാര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ എന്ത് വിഷമം ആണെന്നോ, എത്ര പേരോട് ഇതിനൊക്കെ ഉത്തരം പറയേണ്ടി വരുന്നു. ഞാന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ വെച്ച് കളിയാക്കുന്നവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്. അങ്ങനെ നമ്മളുടെ ഇടയില്‍ തൊഴുത്തില്‍ കുത്തുന്നവരെ കണ്ടെത്തണം,’ ഷൈന്‍ പറയുന്നു.


എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കണമെന്നും ഷൈന്‍ പറയുന്നു.

അതേസമയം ഓഗസ്റ്റ് 19നാണ് കുടുക്ക് 2025 തിയേറ്ററുകളില്‍ എത്തുക. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി നിഗൂഢത ഉയര്‍ത്തുന്ന രീതിയില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധനേടിയിരുന്നു. അള്ള് രാമേന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlight: Shine Tom Chacko about online medias attiude against him